കോട്ടയം: കോട്ടയം നഗരസഭയിൽ കേവല ഭൂരിപക്ഷത്തോടെ വീണ്ടും ഭരണത്തിലേറി യുഡിഎഫ്. കഴിഞ്ഞ തവണ ഭൂരിപക്ഷം നഷ്ടമായതിന് ശേഷം കോൺഗ്രസ് സ്വതന്ത്രയുടെ പിന്തുണയോടെയും ഭാഗ്യത്തിന്റെ പിൻബലത്തിലും പിടിച്ച ഭരണമാണ് ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് നിലർത്തിയത്. 53 അംഗസഭയിൽ 31 എണ്ണത്തിൽ യുഡിഎഫ് വിജയിച്ചു. എൽഡിഎഫ് 15 സീറ്റിൽ വിജയിച്ചപ്പോൾ ആറ് സീറ്റിൽ ബിജെപിയും വിജയിച്ചു. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു.

2020-ൽ ഫലം വന്നപ്പോൾ 52-അംഗ നഗരസഭയിൽ സ്വതന്ത്രൻ ഉൾപ്പെടെ എൽഡിഎഫ് 22 സീറ്റും യുഡിഎഫ് 21 സീറ്റുമാണ് നേടിയത്. 52-ാം വാർഡിൽ സ്വതന്ത്രയായി മത്സരിച്ച ബിൻസി സെബാസ്റ്റ്യന്റെ പിന്തുണ കൂടി ഉറപ്പാക്കിയാണ് യുഡിഎഫും 22 എന്ന സംഖ്യയിലെത്തിയത്. ഇരുമുന്നണികൾക്കും 22 സീറ്റുകളായതോടെ ടോസ് ചെയ്താണ് യുഡിഎഫ് കസേര സ്വന്തമാക്കിയത്.