ന്യൂഡല്‍ഹി: ഇത്രയും നാളും നമ്മളെല്ലാവരും ട്രെയിന്‍ യാത്രയിൽ പരിധി ഇല്ലാതെ ലഗേജ് കൊണ്ടുപോകുന്നവരായിരുന്നു. എന്നാൽ, ഇനി ട്രെയിന്‍ യാത്രയിലും പരമാവധി ലഗേജ് കൊണ്ടുപോകുന്നതിനുള്ള പരിധി നിശ്ചയിച്ചിട്ടുണ്ട്. കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നതിന് യാത്രക്കാര്‍ പണം നല്‍കണമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയില്‍ അറിയിച്ചു. വിമാനത്താവളങ്ങളിലെ ലഗേജ് നിയന്ത്രണങ്ങള്‍ ട്രെയിന്‍ യാത്രക്കാര്‍ക്കും നടപ്പാക്കുമോയെന്ന പ്രഭാകര്‍ റെഡ്ഡി എംപിയുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു മന്ത്രി.

നിലവില്‍ കൊണ്ടുപോകേണ്ട ലഗേജിന് ക്ലാസ് തിരിച്ചിട്ടുള്ള പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ട്. മന്ത്രി നല്കിയ കണക്കുകള്‍പ്രകാരം സെക്കന്‍ഡ് ക്ലാസില്‍ 35 കിലോഗ്രാംവരെ സൗജന്യമായി കൊണ്ടുപോകാം. 70 കിലോഗ്രാംവരെയുള്ളതിന് നിരക്ക് ഈടാക്കും.സ്ലീ പ്പര് ക്ലാസില്‍ 40 കിലോഗ്രാംവരെ സൗജന്യമായും 80 കിലോഗ്രാംവരെ നിരക്ക് നല്‍കിയും കൊണ്ടുപോകാം. എസി ത്രി ടയര്‍ അല്ലെങ്കില്‍ ചെയര്‍ കാര്‍ -40 കിലോഗ്രാം വരെയാണ് സൗജന്യമായി അനുവദിച്ചിരിക്കുന്നത്. എസി ടു ടയര്‍ -50 കിലോഗ്രാം സൗജന്യമായി കൊണ്ടുപോകാം. പരമാവധി പരിധി 100 കിലോഗ്രാംവരെയാണ്. എസി ഫസ്റ്റ് ക്ലാസില്‍ 70 കിലോഗ്രാംവരെ സൗജന്യമായും 150 കിലോഗ്രാം വരെ നിരക്ക് നല്‍കിയും കൊണ്ടുപോകാം