കൽപ്പറ്റ: ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതർക്കായി ഒരുക്കിയ വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കവെ ഉണ്ടായ കൂവിവിളി മനോവിഷമമുണ്ടാക്കിയെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്. കൂവൽ ആസൂത്രിതമാണെന്ന് സംശയമുണ്ട്. സംഭവം മനോവിഷമമുണ്ടാക്കി. ഇടപെടേണ്ടവർ ഇടപെട്ടില്ല. ദുരിതബാധിതർ ആരും കൂവിയിട്ടില്ല. അവരെല്ലാം കയ്യടിക്കുകയാണ് ചെയ്തതെന്നും ടി സിദ്ദിഖ് പറഞ്ഞു.

കല്ലിട്ട് പോകുന്നവരെന്ന മന്ത്രി കെ രാജന്റെ പരാമർശം ഒഴിവാക്കാമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുകയാണ് ചെയ്തത്. ദുരന്ത ഭൂമിയിൽ ഒരു തരത്തിലുള്ള വിഭാഗീയതയും ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു. തങ്ങൾ കല്ലുമാത്രം ഇട്ട് പോകുന്നവരല്ലെന്നും കല്ലിന് മീതെ കല്ല് വെക്കുമെന്നും ചടങ്ങിൽ മന്ത്രി കെ രാജൻ പറഞ്ഞിരുന്നു. ഇതേ കുറിച്ചായിരുന്നു സിദ്ദിഖിൻ്റെ പ്രതികരണം.