Kerala

എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം

എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. എസ്എഫ്‌ഐ അവിഹിതത്തെ ഹിതവും വിശുദ്ധവുമായി വാഴ്ത്തിപ്പാടുകയാണ് എന്നാണ് സിപിഐ മുഖപത്രത്തിന്റെ വിമര്‍ശനം. അവിഹിതം വിശുദ്ധമാക്കപ്പെടുമ്പോള്‍ എന്ന തലക്കെട്ടിലാണ് ജനയുഗത്തിന്റെ തുറന്ന് പറച്ചില്‍.എസ്എഫ്‌ഐയുടേത് പ്രാകൃത സംസ്‌കാരമാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചിരുന്നു. പുതിയ കാലത്തെ എസ്എഫ്‌ഐക്കാര്‍ക്ക് ഇടതുപക്ഷത്തിന്റെ അര്‍ത്ഥവും ആഴവും ആറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം.

സിപിഐ നേതാവിന്റെ ആക്ഷേപത്തിന്റെ ചുവടുപിടിച്ചാണ് പാര്‍ട്ടി പത്രവും സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ അവിഹിത ഇടപാടുകളെ പരിഹസിച്ചത്. പൊന്‍കുന്നം വര്‍ക്കിയുടെ പ്രസിദ്ധമായ ചെറുകഥയിലെ നായകനായ പീലാത്തോസ് അച്ചന്റെ അവിഹിതവുമായി എസ്എഫ്‌ഐയെ താരതമ്യപ്പെടുത്തുകയാണ് പത്രം. അച്ചന്റെ അവിഹിതം വിശുദ്ധമാണെന്ന വ്യാഖ്യാനം പോലെയാണ് എസ്എഫ്‌ഐയുടെ നിലപാടുകളെന്നും ജനയുഗം കളിയാക്കുന്നുണ്ട്.

കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു. തൊട്ടുപിന്നാലെ കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസില്‍ കെഎസ്‌യു നേതാവിനെ എസ്എഫ്‌ഐക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളുടേയും പശ്ചാത്തലത്തിലായിരുന്നു ബിനോയ് വിശ്വം എസ്എഫ്‌ഐക്കെതിരെ കടുത്ത പ്രതികരണങ്ങള്‍ നടത്തിയത്.

രണ്ട് വര്‍ഷം മുമ്പും ജനയുഗം എസ്എഫ്‌ഐയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എഴുതിയിട്ടുണ്ട്. ‘വളര്‍ന്നുവരുന്ന ഈ ഫാസിസ്റ്റ് കഴുകന്‍ കൂട്ടങ്ങള്‍’ എന്നാണ് വിശേഷിപ്പിച്ചത്. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിന്റെ വനിത നേതാവിനെ എസ്എഫ്‌ഐ നേതാവ് ആര്‍ഷോയുടെ നേതൃത്വത്തില്‍ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ജനയുഗത്തിന്റെ കടന്നാക്രമണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top