പാലക്കാട്: സിപിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എംപിയും സിപിഎം നേതാവുമായ എസ് അജയകുമാര്‍. ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നത്. ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാര്‍ക്കുള്ളതെന്നും അജയകുമാര്‍ പറഞ്ഞു. ദീര്‍ഘനാളായി സിപിഎം – സിപിഐ പോര് നടന്നുകൊണ്ടിരിക്കുന്ന ഒറ്റപ്പാലത്തെ മണ്ണൂരിലെ പൊതുയോഗത്തിലായിരുന്നു പരാമര്‍ശം.

ഒരു നാലാകിട രാഷ്ട്രീയ നേതാവിനെ പോലെയാണ് ബിനോയ് വിശ്വം പെരുമാറിക്കൊണ്ടിരിക്കുന്നത്. ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന ഒരു പ്രത്യേക തരം സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനമായി സിപിഐ മാറി. ഉത്തരം താങ്ങുന്നത് പല്ലിയാണെന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാര്‍ക്ക് ഉള്ളത്. കേവലം അഞ്ച് ശതമാനം വോട്ട് മാത്രമാണ് കേരളത്തില്‍ സിപിഐക്ക് ഉള്ളൂ. ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്നാല്‍ ജയിക്കാന്‍ കെല്‍പ്പുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല സിപിഐ. ഒരസംബ്ലി മണ്ഡലത്തില്‍ പോയിട്ട് ഒരു പഞ്ചായത്തില്‍ വേണ്ടേ. ഞങ്ങള്‍ കാണിച്ചുതരാമെന്ന് പറഞ്ഞല്ലേ മണ്ണൂര്‍ പഞ്ചായത്തില്‍ മത്സരിച്ചത്. എന്നിട്ട് എന്തായി?. അധികാരം, ധാര്‍ഷ്ട്യം. അതിരുകടന്ന അവകാശവാദം മണ്ണൂര്‍ പഞ്ചായത്തില്‍ സിപിഐയുടെ അന്ത്യം കുറിക്കുന്ന ജനവിധിയായി’ – എസ് അജയകുമാര്‍ പറഞ്ഞു.