തിരുവനന്തപുരം കോര്പ്പറേഷന് ഭരണം പിടിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയ ബിജെപിക്ക് വീണ്ടും തിരിച്ചടി. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിൻ്റെ പേരില്‍ പ്രവര്ത്തകന് ആത്മഹത്യ ചെയ്തത് വലിയ പ്രതിരോധത്തിലേക്ക് ബിജെപിയെ എത്തിച്ചു.

തിരുമല തൃക്കണ്ണാപുരം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാക്കിയില്ല എന്നതിലെ മനോവിഷമത്തില്‍ ആനന്ദ് കെ തമ്പി എന്ന പ്രവര്‍ത്തകനാണ് ആത്മഹത്യ ചെയ്തത്. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ആനന്ദ് പ്രചരണം തുടങ്ങിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാക്കിയത് വിനോദ് കുമാറിനെയാണ്.
തൃക്കണ്ണാപുരത്തിന് തൊട്ടടുത്തുള്ള തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനില്‍ കുമാര്‍ ആത്മഹത്യ ചെയ്തതിലെ തിരിച്ചടിയില്‍ നിന്നും ബിജെപി ഇതുവരെ കരകയറിയിട്ടില്ല. അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റിയില്‍ നിന്ന് ബിജെപി നേതാക്കളും പ്രവര്‍ത്തകരും അടക്കം വായ്പ എടുത്ത ശേഷം തിരിച്ച് അടക്കാത്തതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പേരിലായിരുന്നു ആത്മഹത്യ.

ബിജെപി സംസ്ഥാന നേതാക്കളെ അടക്കം നേരില്‍ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചു എങ്കിലും അനില്‍ കുമാറിന് ലഭിച്ചിരുന്നില്ല.