മാങ്ങാനം: ശുചിത്വ മിഷൻ്റെ കീഴിൽ മാങ്ങാനം തുരുത്തേൽ പാലത്തിനു സമീപം കേരള വാട്ടർ അതോറിറ്റി വക സ്ഥലത്ത് ശൗചാലയ മാലിന്യ സംസ്കരണ പ്ലാൻ്റ് സ്ഥാപിക്കുന്നതിനെതിരെ മാങ്ങാനം വടക്കേനട റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ പ്രതിഷേധ നടപടികൾ ആരംഭിച്ചു.

അസോസിയേഷൻ പ്രസിഡൻ്റ് ഡോ:എൻ.വി.ശശിധരൻ അദ്ധ്യക്ഷത വഹിച്ച യോഗം വിജയപുരം പത്താം വാർഡ് മെമ്പർ ഷൈനി വർക്കി ഉത്ഘാടനം ചെയ്തു. വരപ്രസാദ് (സെക്രട്ടറി), എം.ആർ.ദേവാനന്ദ്, ബി. രാജേഷ് കുമാർ, കെ.ജി.ചന്ദ്രശേഖരൻ നായർ, കെ.എൻ.വിജയചന്ദ്രൻ നായർ,
തുടങ്ങിയവർ സംസാരിച്ചു. കോട്ടയം പുതുപ്പള്ളി റോഡിൽ തുരുത്തേൽ പാലത്തിനു സമീപം ഉള്ള ജൂബിലി റോഡിലൂടെ ചരിത്ര പ്രസിദ്ധമായ ദേവലോകം പള്ളി, അരമന, മാങ്ങാനം പള്ളി, ശ്രീ നരസിംഹ സ്വാമി ക്ഷേത്രം, തുടങ്ങി വിവിധ സ്ഥലങ്ങളിൽ എത്തിച്ചേരാനുള്ള വഴിയുടെ ഓരത്താണ് ഈ പ്ലാൻ്റ് സ്ഥാപിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഈ സ്ഥലത്ത് മുനിസിപ്പാലിറ്റി വക കെട്ടിടത്തിൽ അങ്കണവാടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. സമീപത്തു കൂടി മീനച്ചിലാറിന്റെ കൈവഴിയായി ഒഴുകി കൊടൂരാറിൽ എത്തിച്ചേരുന്ന പുഴയാണ് വിവിധ പുരയിടങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾക്ക് ഉറവിടമാകുന്ന്.

ഈ പുഴയിൽ നിന്നാണ് മാങ്ങാനം പ്രദേശ നിവാസികൾക്ക് നരസിംഹപുരം കുടിവെള്ള പദ്ധതി ജലം പമ്പ് ചെയ്ത് വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. ഈ വക കാര്യങ്ങളിൽ വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഈ ശൗചാലയ മാലിന്യ സംസ്കരണ പ്ലാൻ്റ് ഇവിടെ നിന്നും മാറ്റി ജനവാസം കുറഞ്ഞ മറ്റേതെങ്കിലും പ്രദേശത്ത് തുടങ്ങണമെന്നാണ് മാങ്ങാനം വടക്കേനട റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെടുന്നത്.