ന്യൂഡൽഹി: ഇടവകാംഗമായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പള്ളി വികാരിയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി.

ഫാ. എഡ്വിൻ ഫിഗറസിന്റെ ശിക്ഷ മരവിപ്പിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. ഹൈക്കോടതി വിധിച്ച 20 വർഷം കഠിനതടവിൽ പകുതിയോളം പ്രതിയായ ഫാ. എഡ്വിൻ ഫിഗറസ് അനുഭവിച്ച സാഹചര്യത്തിലാണിത്.
ശിക്ഷയ്ക്കെതിരായ അപ്പീലിൽ അന്തിമ തീർപ്പാവുന്നതുവരെ വൈദികനെ കോടതി ജാമ്യത്തിൽ വിട്ടു. എഡ്വിൻ ഫിഗറസ് ഇതിനോടകം തന്നെ പത്ത് വർഷത്തോളം ജയിലിൽ കഴിഞ്ഞതായി ഹർജിക്കാരന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ ബസന്തും അഭിഭാഷക സ്വീന മാധവൻ നായരും കോടതിയിൽ ചൂണ്ടിക്കാട്ടി.

തുടർന്ന് ശിക്ഷ മരവിപ്പിക്കണമെന്ന ഇവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.