ലഖ്‌നൗ: അയോധ്യ സംഭാവന തട്ടിപ്പില്‍ എട്ട് പ്രതികളെയും പിടികൂടി യുപി പൊലീസ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മൂന്ന് ജീവനക്കാരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയുടെ അടുത്ത സഹായി അടക്കം എട്ട് ജീവനക്കാരാണ് കേസിലെ പ്രതികള്‍. ഇവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ഇവരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ടിനു യാദവ്, അനിരല്‍പ് മിശ്ര, ലവ്കുശ് മിശ്ര, മനീഷ് യാദവ്, സുഭാഷ് ശ്രീവാസ്തവ, അവിനാശ് ശുക്ല, കരുണേഷ് പാണ്ഡെ, രാം ശങ്കര്‍ മിശ്ര എന്നിവരാണ് പ്രതികള്‍. ചമ്പത് റോയിയുടെ അസിസ്റ്റന്റാണ് ടിനു യാദവ്.

കാണിക്ക വഞ്ചികളുടെ താക്കോലുകള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച സംഭാവനകള്‍ എണ്ണി തിട്ടപ്പെടുത്തിയ ആളാണ് അനുകല്‍പ് മിശ്ര. ഇയാളുടെ ബന്ധുവാണ് ലവ്കുശ് മിശ്ര. ഇയാളുടെ വീട്ടില്‍ നിന്ന് 10 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ടിനു യാദവിന്റെ ബന്ധുവായ മനീഷ് യാദവിന്റെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയിരുന്നു.
പണം എണ്ണിത്തിട്ടപ്പെടുത്തിയ മറ്റൊരാളാണ് അവിനാശ് ശുക്ല. സംഭാവനകളുടെ കണക്കെടുപ്പിന്റെ ഭാഗമായിരുന്ന ആളുകളാണ് കരുണേഷ് പാണ്ഡെയും രാം ശങ്കര്‍ മിശ്രയും.