തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ വെച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി രാജ്ഭവനിലെത്തി.

രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ ‘രാജ്ഹംസി’ന്റെ പ്രകാശനചടങ്ങിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്റെ സാന്നിധ്യത്തില്‍ ശശി തരൂർ എംപിക്ക് മാസിക നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
ഏറെ വിവാദങ്ങൾക്കിടയാക്കിയ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വേദിയിലുണ്ടായിരുന്നില്ല. പരിപാടിയുടെ ബാനറിനൊപ്പം ദേശീയ പതാക മാത്രമായിരുന്നു വേദിയിലുണ്ടായിരുന്നത്.

അതേസമയം പ്രകാശനം ചെയ്ത മാസികയിലെ ലേഖനത്തോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി വേദിയിൽ തന്നെ വ്യക്തമാക്കി. ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് സർക്കാരിന്റെ അഭിപ്രായമല്ലെന്നും ലേഖകന്റെ അഭിപ്രായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.