തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

ന്യൂനമര്‍ദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീനഫലമായാണ് കേരളത്തിൽ മഴയെത്തുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പുണ്ട്.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കന്‍ ശ്രീലങ്കക്കും ഭൂമധ്യരേഖക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു.

വരും മണിക്കൂറുകളില്‍ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തീവ്ര ന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.
തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി വടക്കന്‍ തമിഴ്നാട്,പുതുച്ചേരി തീരത്തേക്ക് നീങ്ങാനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.