തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് രണ്ട് മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കും. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാല്‍ ജലാശയ നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് +422 മീറ്റര്‍ ആണ്.
ഇടുക്കി പാംബ്ല ഡാം തുറന്നതിന് പിന്നാലെ പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമും തുറന്നു. തൊടുപുഴ, മുവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലങ്കര ഡാമിലെ 3 ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്.