പാലക്കാട്: ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ലൈംഗിക പീഡനക്കേസ് പ്രതിയായ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സലൻ കീഴടങ്ങി. പാലക്കാട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്.

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു ഇയാൾക്കെതിരെയുള്ള പരാതി. പ്രതിയെ വൈദ്യ പരിശോധന പൂർത്തിയാക്കി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രശോഭിനായി വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. മണ്ണാർക്കാട് എസ് സി-എസ് ടി കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് പ്രശോഭ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. പരാതി വന്ന് മാസങ്ങളായിട്ടും പൊലീസിന് പ്രശോഭിനെ പിടികൂടാൻ സാധിച്ചിരുന്നില്ല.