പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി പത്തനംതിട്ട സെഷന്‍സ് കോടതി. മറ്റന്നാള്‍ അപേക്ഷയില്‍ വാദം കേള്‍ക്കാനാണ് മാറ്റിയത്. എസ്ഐടിയുടെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.

മറ്റന്നാള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാലാണ് ഇന്നലെ രാഹുല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്ന വാദമാണ് രാഹുല്‍ അപേക്ഷയില്‍ ഉന്നയിക്കുന്നത്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും സാങ്കേതിക നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നതും ജാമ്യാപേക്ഷയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തോട് രാഹുല്‍ സഹകരിക്കുന്നില്ലെന്ന വിവരം വാദം നടക്കുമ്പോള്‍ കോടതിയെ അറിയിക്കാനാണ് പ്രോസിക്യൂഷന് നീക്കം.