പാലക്കാട്: ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു എന്നിങ്ങനെ രണ്ട് കേസുകളിൽ മുന്‍കൂര്‍ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മണ്ഡലത്തില്‍ സജീവമാകാന്‍ നീക്കം.

നിലവില്‍ പാലക്കാട് തന്നെ തുടരുകയാണ് രാഹുല്‍. പാലക്കാട്ടെയും മാത്തൂരിലെയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ നേരില്‍ കണ്ടു. ഇന്നലെ തന്നെ രാഹുല്‍ എംഎല്‍എ ഓഫീസില്‍ എത്തിയിരുന്നു. രാഹുല്‍ ഇന്ന് അടൂരിലേക്ക് തിരിക്കുമെന്നും സൂചനയുണ്ട്. രാഹുലിന്റെ നീക്കങ്ങള്‍ പ്രത്യേക അന്വേഷണ സംഘവും നിരീക്ഷിച്ചുവരികയാണ്.
15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തിലെത്തിയത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു രാഹുല്‍ പാലക്കാട് വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്ത് ഇറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച രാഹുല്‍ എല്ലാം കോടതിക്ക് മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും പറഞ്ഞു.

എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു രാഹുല്‍ എത്തിയത്. ഈ കാറിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കോഴിയുടെ സ്റ്റിക്കര്‍ പതിപ്പിച്ചു. വോട്ടിങ് കേന്ദ്രത്തിന് മുന്നില്‍ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.