പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഇതുവരെ പരാതികളൊന്നും വന്നിട്ടില്ലെന്നും ആരോപണങ്ങൾ മാത്രമാണ് മുന്നിലുള്ളതെന്നുമുള്ള നടൻ രമേശ് പിഷാരടിയുടെ പ്രതികരണത്തിനെതിരെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ്.

രാഹുൽ മാങ്കൂട്ടത്തിൽ ഈ ആരോപണങ്ങൾ ഒന്ന് നിഷേധിച്ചിരുന്നുവെങ്കിൽ തങ്ങൾക്ക് തല ഉയർത്തി നടക്കാമായിരുന്നുവെന്നും ഇപ്പോൾ ആത്മാഭിമാനമുള്ള ഒരു വനിതാ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പൊതുസമൂഹത്തിന്
മുന്നിൽ തല ഉയർത്താൻ കഴിയുന്നില്ല എന്നതാണ് അവസ്ഥയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ രമേശ് പിഷാരടിയ്ക്ക് എഴുതിയ തുറന്ന കത്തിൽ പറയുന്നു.

ഈ വിഷയത്തിൽ അഭിപ്രായം പറയാൻ കാണിച്ച താൽപര്യം വർഷങ്ങൾക്ക് മുൻപ് സ്വന്തം സഹപ്രവർത്തകയായ ഒരു അതിജീവിതയുടെ പ്രമാദമായ കേസിൽ എന്തുകൊണ്ട് കാണിച്ചില്ലെന്നും താങ്കൾ അടക്കമുള്ളവർ മൗനം പാലിച്ചത് എന്തിന് വേണ്ടിയായിരുന്നുവെന്നും കത്തിൽ ചോദിക്കുന്നു. ഇത് കോൺഗ്രസ് പാർട്ടി എടുത്ത തീരുമാനമാണ്.