ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുമായി ബന്ധപ്പെടുത്തി ഉയരുന്ന അഭ്യൂഹങ്ങളിൽ ആദ്യമായി പ്രതികരിച്ച് അഭിനേത്രി പൂനം കൗർ. രാഹുലിനെ കണ്ടത് കൈത്തറി വ്യവസായവുമായി ബന്ധപ്പെട്ട് മാത്രമാണെന്നും അദ്ദേഹവുമായി വ്യക്തിപരമായ യാതൊരു ബന്ധവുമില്ലെന്നും തെലുങ്ക് നടിയായ പൂനം കൗർ പറഞ്ഞു.

2022ൽ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ തെലങ്കാനയിൽ വെച്ച് പൂനം കൗർ പങ്കെടുത്തിരുന്നു. ഇതിനിടെ പൂനത്തിന്റെ കൈ പിടിച്ച് രാഹുൽ യാത്രയിൽ നടക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. എന്നാൽ ഇത് ചിലർ വളച്ചൊടിച്ചുവെന്നും പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളുമായി ബന്ധിപ്പിക്കുകയും നിരുത്തരവാദപരമായി കിംവദന്തികൾ പ്രചരിപ്പിച്ചുവെന്നും പൂനം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അത്തരം അപവാദപ്രചാരണങ്ങൾ പൂർണ്ണമായും വ്യാജവും അപകീർത്തികരവുമാണെന്ന് പരിഹാസത്തോടെ തള്ളിക്കളഞ്ഞുവെന്നും പൂനം പറഞ്ഞു.