തിരുവനന്തപുരം: മേയര്‍ ആക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നുവെന്ന് ആവര്‍ത്തിച്ച് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. പരിഗണിക്കാത്തതില്‍ വിഷമമോ നീരസമോ ഇല്ല. രാഷ്ട്രീയക്കാര്‍ക്ക് ചേരാത്ത സത്യസന്ധത തനിക്കുണ്ട്. അതുകൊണ്ടാണ് പറഞ്ഞതെന്നും ആര്‍ ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു. മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന ശ്രീലേഖയുടെ തുറന്നുപറിച്ചില്‍ ചര്‍ച്ചയായതോടെയാണ് പ്രതികരണം.

‘തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിസമ്മതിച്ച വ്യക്തിയായിരുന്നു ഞാന്‍. മൂന്ന് തവണ ഞാന്‍ വിസമ്മതിച്ചു. പിന്നീട് വെറും കൗണ്‍സിലറായിട്ടല്ല മത്സരിപ്പിക്കുന്നത്, ബിജെപി പാര്‍ട്ടിയുടെ മുഖമായിരിക്കും, എല്ലാവരെയും വിജയിപ്പിച്ചെടുക്കണം, മേയറായി പരിഗണിക്കും എന്നായിരുന്നു എന്നോട് പറഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷം മേയര്‍ പദവി സംബന്ധിച്ച് സമന്വയത്തിലെത്തേണ്ട ഘട്ടത്തില്‍ കൗണ്‍സിലര്‍മാരെ വിളിച്ച് അഭിപ്രായം തേടിയിരുന്നു. അന്ന് കേന്ദ്ര സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നാണ് ഞാനും പറഞ്ഞത്. പാര്‍ട്ടിയില്‍ അനുഭവസമ്പത്തുള്ളയാല്‍ മേയറാവുന്നതില്‍ എനിക്ക് നിരാശയോ നീരസമോ ഇല്ല’, ആര്‍ ശ്രീലേഖ പറഞ്ഞു.