തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന യോഗത്തിൽ വേദിയിലുണ്ടായിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്തേക്ക് പോകാതിരുന്നതിൽ വിശദീകരണവുമായി നഗരസഭാ കൗൺസിലർ ആർ. ശ്രീലേഖ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രതികരണം.

‘പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്നപ്പോൾ വേദിയിൽ തനിക്കിരിപ്പിടം ലഭിച്ചത് ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷന്മാരിൽ ഒരാളായത് കൊണ്ടാണ്. എനിക്ക് രാഷ്ട്രീയം പുതിയതാണ്. 33 വർഷം ചെയ്തതും പരിചയിച്ചതും പോലീസ് ഉദ്യോഗസ്ഥയായാണ്. വളരെയധികം വിവിഐപി ഡ്യൂട്ടി ചെയ്ത തനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമന്ത്രി വേദിയിലേക്ക് വരുമ്പോൾ തനിക്ക് ലഭിച്ച സ്ഥാനത്ത് തന്നെ ഇരിക്കുക എന്നതാണ് താൻ ചെയ്യേണ്ടതെന്നാണ് ധരിച്ചിരുന്നത്. അടുത്തേക്ക് ക്ഷണിച്ചാലല്ലാതെ പോകരുതെന്ന പരിശീലനം തനിക്ക് ലഭിച്ചത് കൊണ്ടായിരിക്കാം ഞാനെന്റെ സ്ഥാനത്ത് മാത്രം ഇരുന്നത്. വിവിഐപി എൻട്രൻസ് വഴി വന്ന അദ്ദേഹം അതുവഴി തിരികെ പോകുമ്പോൾ താൻ ആ വഴി പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതിയാണ് താൻ അവിടെ തന്നെ നിന്നത്. ആരും വെറുതെ തെറ്റിദ്ധരിക്കേണ്ട. താൻ എപ്പോഴും ബിജെപിക്കൊപ്പം’, എന്ന് പറഞ്ഞാണ് ശ്രീലേഖ പ്രതികരണം അവസാനിപ്പിച്ചത്.