തിരുവനന്തപുരം: തട്ടിപ്പ് കേസിലെ പ്രതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പൊലീസ് കൊണ്ടുവന്ന പ്രതിയാണ് ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടത്.

ഇന്നലെ രാത്രിയോടെ കാര്‍ഡിയാക് ഐസിയുവില്‍ നിന്നാണ് ഇയാള്‍ ചാടിപ്പോയത്. എൻഫോഴ്സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതിയാണ് രാജീവ് ഫെര്‍ണാണ്ടസ്. ഇയാള്‍ക്കെതിരെ രണ്ട് സ്റ്റേഷനുകളിലായി കേസുണ്ട്.
ആരോഗ്യപരമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജീവ് ഫെര്‍ണാണ്ടസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് പ്രതി ജനല്‍ വഴി ചാടി രക്ഷപ്പെട്ടത്. സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നോ, പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.

സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസും കൊല്ലം ഈസ്റ്റ് പൊലീസും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.