ന്യൂഡല്‍ഹി: യുഎസിലെ കാലിഫോർണിയയില്‍ പോലീസിന്റെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള മുഹമ്മദ് നിസാമുദ്ദീൻ (30) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

സെപ്റ്റംബർ മൂന്നിന് ഒപ്പം താമസിച്ചിരുന്നയാളുമായി കലഹമുണ്ടാകുകയും തുടർന്ന് പോലീസ് വെടിവെയ്ക്കുകയുമായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
നിസാമുദ്ദീന്റെ മരണത്തിനുപിന്നില്‍ വംശീയ വിവേചനമാണെന്ന് കുടുംബം ആരോപിച്ചായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

സെപ്റ്റംബർ 18-നാണ് മകന്റെ മരണവാർത്ത ലഭിച്ചതെന്ന് നിസാമുദ്ദീന്റെ പിതാവ് മുഹമ്മദ് ഹൻസുദ്ദീൻ വാഷിങ്ടണിലെ ഇന്ത്യൻ എംബസിക്കയച്ച കത്തില്‍ പറയുന്നു. മകന്റെ മൃതശരീരം നാട്ടിലെത്തിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് ഹൻസുദ്ദീൻ സഹായം തേടിയിട്ടുണ്ട്.