കൊല്ലം: കൊല്ലത്ത് പൊലീസ് വാഹനം തകര്‍ത്ത കേസിലെ പ്രതി കരഞ്ഞ് മാപ്പപേക്ഷിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതില്‍ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി. പെരുമ്പാവൂര്‍ സ്വദേശി അഡ്വ. ആഷിക് കരോത്ത് ആണ് പരാതി നല്‍കിയത്. മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണ് പൊലീസ് നടപടിയെന്ന് പരാതിക്കാരന് ചൂണ്ടിക്കാട്ടി. വീഡിയോ സമൂഹ മാധ്യമ അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നു.

കൊല്ലം പത്തനാപുരം പിടവൂരില്‍ ക്ഷേത്രത്തിലായിരുന്നു ദേവന് എന്ന സജീവന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇതിനിടെ പൊലീസ് ജീപ്പുകള്‍പ്പെടെ തകര്‍ത്ത ദേവനെ തമിഴ്നാട്ടിലെ തേനിയില്‍ നിന്നും കേരള പൊലീസ് പിടികൂടുന്നതിന്റെ വീഡിയോ ഔദ്യോഗിക പേജില്‍ പൊലീസ് പങ്കുവെച്ചിരുന്നു. പ്രതി കരഞ്ഞ് മാപ്പുപറയുന്ന രീതിയില്‍ പൊലീസ് വീഡിയോ ചിത്രീകരിച്ചെന്നും മലയാള സിനിമയിലെ രംഗങ്ങളും ശബ്ദശകലങ്ങളും ചേര്‍ത്ത് ട്രോളുകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്തത് ഒരാളുടെ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നുമാണ് പരാതിയില്‍ പറയുന്നു.