പൊന്നാനി: ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച പ്രതി അറസ്റ്റിൽ. കോഴിക്കോട് താമരശ്ശേരി പുതുപ്പാടി പുത്തൻവീടൻ റമ്പുട്ടാൻ അനസ് എന്ന അനസിനെയാണ് (28) പോലീസ് അറസ്റ്റ് ചെയ്തത്. വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിർത്തി മാല പൊട്ടിക്കുകയായിരുന്നു.

വഴിയിലൂടെ നടന്നുപോകുകയായിരുന്ന വയോധികയുടെ അരികിൽ ബൈക്ക് നിർത്തി കഴുത്തിൽ കിടന്ന ഒന്നര പവന്റെ സ്വർണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രതി ഒളിവിലായിരുന്നു. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് കോഴിക്കോട് നിന്ന് പിടികൂടിയത്.
വിവിധ ജില്ലകളിൽ മൊബൈൽ മോഷണം, മാല പൊട്ടിക്കൽ തുടങ്ങി 25 ഓളം കേസുകളിൽ പ്രതിയായ അനസ് പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്ന് കിലോഗ്രാം സ്വർണം കവർന്ന കേസിലും പ്രതിയാണ്. കവർച്ച നടത്തി നാട്ടിൽ നിന്ന് മുങ്ങുന്നതാണ് പതിവ് രീതി.
