തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭയില്‍ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങളാണ് അരങ്ങേറിയത്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. പ്രതിഷേധ ബാനര്‍ പിടിച്ചതിന്റെ ഭാഗത്ത്, അങ്ങേയറ്റത്തുള്ള ആള് ബാനറിന്റെ വടി കൊണ്ട് വാച്ച് ആന്റ് വാര്‍ഡിനെ തല്ലിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ആ ഘട്ടത്തിലാണ് വാച്ച് അന്റ് വാര്‍ഡ് തടുക്കാനും പിടിക്കാനും ശ്രമിച്ചത്. ഞങ്ങളെല്ലാം ഇതു നോക്കിക്കണ്ടതാണ്. സഭയില്‍ ഒരു കാലത്തും ഇല്ലാത്ത കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പ്രകോപനപരമായ ഒരുകാര്യവും സഭയില്‍ ഉണ്ടായിരുന്നില്ല. ആദ്യം ഒരു പ്രകോപനം ഉണ്ടായപ്പോഴാണ് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചത്. പിന്നീടും സഭ തുടങ്ങിയപ്പോഴും പ്രകോപനം ആവര്‍ത്തിച്ചു. ബോധപൂര്‍വം കുഴപ്പം സ്ൃഷ്ടിക്കാന്‍ വേണ്ടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.