ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി രാഷ്ട്രീയനിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ല എന്നും എല്ലാം സമദൂരമാണെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ‘ശരിദൂരം’ എന്ന നിലപാട് ശബരിമല വിഷയത്തിൽ മാത്രമാണ് ഉണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്നം ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം. എൻഎസ്എസിന് രാഷ്ട്രീയമില്ല എന്നും രാഷ്ട്രീയത്തോട് വെറുപ്പില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണക്കൊള്ളയിൽ താൻ നിലപാട് വ്യക്തമാക്കിയതാണ് എന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ല എന്നും സുകുമാരൻ നായർ പറഞ്ഞു. ശേഷമാണ് രാഷ്ട്രീയപാർട്ടികളോട് സമദൂരം ആയിരിക്കുമെന്ന് വ്യക്തമാക്കിയത്. ശബരിമല വിഷയത്തിലെ ശരിദൂരം എന്ന നിലപാടിൽ ഇതിനകം രാഷ്ട്രീയമായി കൂട്ടികുഴക്കേണ്ട കാര്യമില്ല എന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.