കൊച്ചി: സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നെന്ന പരാതിയുമായി നടി നിവേദ തോമസ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച പോസ്റ്റിലാണ് നടിയുടെ പ്രതികരണം. ചിത്രങ്ങള്‍ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് സ്വകാര്യതയുടെ മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണ്. ഇത് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു. നിയമവിരുദ്ധമായ ഇത്തരം നടപടികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നടി മുന്നറിയിപ്പ് നല്‍കുന്നു.

സമൂഹമാധ്യമത്തില്‍ പങ്കുവച്ച തന്റെ ചില ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടു. ഇത്തരം ചിത്രങ്ങള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇത്തരം നടപടിപകള്‍ നിയമവിരുദ്ധവും സ്വകാര്യതയിലുള്ള കടന്നുകയറ്റവും ഡിജിറ്റല്‍ ആള്‍മാറാട്ടവുമാണ്. ഇത് നിര്‍മിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ഉത്തരവാദികളായവരും എത്രയും വേഗം അത് അവസാനിപ്പിക്കണം. ചിത്രങ്ങള്‍ ഒഴിവാക്കണം.