ദില്ലി : ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീര്‍ പുരകായസ്ത ജയിൽ മോചിതനായി.യുഎപിഎ ചുമത്തി പുർകായസ്തയെ അറസ്റ്റ് ചെയ്തത് നിയമനടപടികൾ പാലിക്കാതെയാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. പ്രബീറിനെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. രോഹിണി ജയിൽ നിന്ന് മോചിതനായ പ്രബീറിനെ സുഹൃത്തുക്കൾ അടക്കം ചേർന്ന് സ്വീകരിച്ചു. സത്യം ജയിക്കുമെന്നും പോരാട്ടം തുടരുമെന്നും പ്രബീര്‍ പുരകായസ്ത പ്രതികരിച്ചു.
സാങ്കേതിക വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബി.ആര്‍.ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വിധിച്ചത്. റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് പ്രബീറിനോ അഭിഭാഷകനോ റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. അറസ്റ്റ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് വിട്ടയക്കണമെന്ന് കോടതി നിര്‍ദേശിച്ചത് .കേസിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ മോചനത്തിനായുള്ള വ്യവസ്ഥകൾ വിചാരണക്കോടതിക്ക് നിശ്ചയിക്കാമെന്നും കോടതി വ്യക്തമാക്കി.