പൂനെയിലെ ചരിത്ര പ്രസിദ്ധമായ കോട്ടയായ ശനിവാർ വാഡയിലാണ് മുസ്ലീം സ്ത്രീകൾ നിസ്‌കരിച്ചത്തിന് പിന്നാലെ ശുദ്ധീകരണം നടത്തിയത്. ബിജെപി എംപി മേധ കുൽക്കർണിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ഹിന്ദു സംഘടനകൾ എത്തിയാണ് ശുദ്ധീകരണ ചടങ്ങ് നടത്തിയത്. അതിനു ശേഷം ശിവവന്ദനവും നടത്തി. ഇതിനു പിന്നാലെയാണ് എംപിയ്ക്കെതിരെ പ്രതിഷേധമുയർന്നത്.

കോട്ടയിൽ മുസ്ലീം സ്ത്രീകൾ നമസ്‌കരിക്കുന്നതിന്റെ വീഡിയോ നേരത്തെ തന്നെ വൈറലായിരുന്നു. തുടർന്നാണ് എംപിയുടെ നടപടി. ‘മറാത്ത സാമ്രാജ്യത്തിന്റെ പ്രതീകമായ പൂനെ കോട്ടയിൽ നടന്ന സംഭവം ഓരോ പുനെക്കാരെയും ആശങ്കപ്പെടുത്തുന്നതും രോഷം കൊള്ളിക്കുന്നതുമായ കാര്യമാണ്. ശനിവാർ വാഡ നിസ്‌കരിക്കാൻ പറ്റിയ സ്ഥലമല്ല.
ഈ ആളുകൾ എവിടെയെങ്കിലും നമസ്‌കരിക്കുകയും പിന്നീട് അത് വഖഫ് സ്വത്തിൽ ചേർക്കുകയും ചെയ്യുന്നു. ഹിന്ദു സമൂഹം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ഇതിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും’ മേധ കുൽക്കർണി ആവശ്യപ്പെട്ടു.

ശുദ്ധീകരണത്തിന് ശേഷം കാവി പതാക ഉയർത്താൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ അവരെ തടഞ്ഞു. മഹാരാഷ്ട്രാ മന്ത്രി നിതേഷ് റാണെയും കോട്ടയിൽ നമസ്‌കരിക്കുന്നതിനെ അപലപിച്ചു. ‘ശനിവാർ വാഡയ്ക്ക് ഒരു ചരിത്രമുണ്ട്. ഇത് ധീരതയുടെ പ്രതീകമാണ്. ശനിവാർ വാഡ ഹിന്ദു സമൂഹവുമായി അടുത്തുനിൽക്കുന്നു. ഹാജി അലിയിൽ ഹിന്ദുക്കൾ ഹനുമാൻ ചാലിസ ചൊല്ലിയാൽ മുസ്ലീങ്ങളുടെ വികാരങ്ങൾ വ്രണപ്പെടില്ലേ? പള്ളിയിൽ പോയി നമസ്‌കരിക്കണമെന്നും’ അദ്ദേഹം പറഞ്ഞു.