വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ നടൻ മുകേഷിനെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന് സി.പി.ഐ.എമ്മിൽ ഏകദേശ ധാരണ. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും മുകേഷിന്റെ ഭൂരിപക്ഷത്തിലുണ്ടായ വൻ ഇടിവുമാണ് പാർട്ടിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. മുകേഷിന് പകരം കരുത്തനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകൾ ജില്ലാ നേതൃത്വത്തിൽ സജീവമായി.

2016-ൽ 17,611 വോട്ടുകളുടെ തിളക്കമാർന്ന ഭൂരിപക്ഷത്തിലാണ് മുകേഷ് ആദ്യമായി നിയമസഭയിലെത്തിയത്. എന്നാൽ 2021-ൽ ഇത് 2,072 വോട്ടുകളായി കുത്തനെ താഴ്ന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.കെ. പ്രേമചന്ദ്രനോട് ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെട്ടതും മുകേഷിനെതിരെയുണ്ടായ ലൈംഗികാതിക്രമ പരാതികളും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഒരു പരീക്ഷണത്തിന് മുതിരാതെ ജനകീയ മുഖത്തെ രംഗത്തിറക്കാനാണ് സി.പി.ഐ.എം നീക്കം.
സി.പി.ഐ.എം ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ ജയമോഹന്റെ പേരിനാണ് പട്ടികയിൽ മുൻതൂക്കം. ജില്ലയിലെ പാർട്ടി സംവിധാനത്തെ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്. യുവജന പ്രാതിനിധ്യം പരിഗണിക്കുകയാണെങ്കിൽ സംസ്ഥാന കമ്മിറ്റി അംഗമായ ചിന്ത ജെറോമിനെ പാർട്ടി പരിഗണിച്ചേക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവർത്തനമികവ് പി.കെ. ഗോപനും സാധ്യത കൽപ്പിക്കുന്നു.