സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപക നിയമന വിഷയത്തിൽ സർക്കാർ ദുർവാശി ഉപേക്ഷിച്ച് അധ്യാപകർക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുമെന്നുള്ള പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അഡ്വ. മോൻസ് ജോസഫ് എംഎൽ എ

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ സുപ്രീം കോടതി എൻ.എസ്.എസ് മാനേജ്മെൻ്റുകൾക്ക് നൽകിയ വിധി സർക്കാർ നടപ്പാക്കിയത് പോലെ മറ്റുള്ള എയ്ഡഡ് സ്കൂൾ മാനേജ്മെൻ്റുകൾക്കും ഇക്കാര്യം ബാധകമാക്കുകയും സമാന സ്വഭാവത്തിൽ നിയമനം നടത്തുകയും ചെയ്യണമെന്നുള്ള അധ്യാപകരുടെ ആവശ്യം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തി പ്രാവർത്തികമാക്കുമെന്നാണ് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഒക്ടോബർ 16ന് ഇത് സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനക്ക് വരുമ്പോൾ കേരളത്തിലെ സാഹചര്യങ്ങൾ ബോധ്യപ്പെടുത്തി അധ്യാപകർക്ക് അനുകൂലമായ തീരുമാനം ലഭ്യമാക്കാൻ സർക്കാർ പരിശ്രമിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. സുപ്രീം കോടതിയിൽ നിന്ന് നേരത്തെ ഉണ്ടായിട്ടുള്ള വിധിയിൽ നിന്ന് എൻഎസ്എസ് മാനേജ്മെൻ്റിന് നൽകിയിട്ടുള്ളത് പോലെ സമാന സ്വഭാവമുള്ള എല്ലാ സ്കൂളുകൾക്കും ഭിന്നശേഷി നിയമന ഉത്തരവ് ബാധകമാക്കാമെന്നുള്ള സുപ്രധാന വിധിയുടെ അന്തസ്സത്ത അടിസ്ഥാനമാക്കിയുള്ള നടപടികളാണ് സർക്കാരിൽ നിന്നും ഉണ്ടാകേണ്ടത്.
2021 മുതൽ കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പതിനാറായിരത്തോളം അധ്യാപകർക്ക് ശമ്പളം കൊടുക്കാതിരിക്കുകയും ദിവസക്കൂലി അടിസ്ഥാനത്തിൽ യാതൊരുവിധ ആനുകൂല്യങ്ങളും ലഭ്യമാകാതെ നാലുവർഷമായി ജോലി ചെയ്യുന്നതിൻ്റെ കഷ്ടപ്പാടുകളാണു പ്രശ്ന പരിഹാരത്തിനു വേണ്ടി മുഖ്യ മാനദണ്ഡങ്ങളായി സ്വീകരിക്കേണ്ടത്. ഭിന്നശേഷിക്കാരായ നിശ്ചിത യോഗ്യതയുള്ള അധ്യാപക ഉദ്യോഗാർത്ഥികളെ സുപ്രീം കോടതി നിർദേശിച്ച സംവരണം പാലിച്ചുകൊണ്ട് പരമാവധി വേഗത്തിൽ നിയമനം യാഥാർഥ്യമാക്കുവാൻ സർക്കാരാണ് മുൻകൈയെടുത്ത് പ്രവർത്തിക്കേണ്ടത്. ഗൗരവമേറിയ ഈ രണ്ടു സാഹചര്യങ്ങളും അടിയന്തിര പരിഗണനയോടെ സമയബന്ധിതമായി പരിഹരിക്കുന്നതിന് പുതിയ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ആത്മാർഥത കാണിക്കണം.

കഴിഞ്ഞ നാലുവർഷക്കാലമായി കേരളത്തിലെ എൽ.ഡി.എഫ് സർക്കാരും ഭരണത്തിൽ പങ്കാളികളായ ഇടതു മുന്നണിയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും പാടേ വിസ്മരിക്കുകയും അവഗണിക്കുകയും ചെയ്തിരുന്ന എയ്ഡഡ് സ്കൂൾ ഭിന്നശേഷി – അധ്യാപക നിയമന പ്രശ്നത്തെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെ കേരള നിയമസഭയിൽ ശക്തമായി ഉന്നയിച്ചുകൊണ്ട് പോരാടാൻ കഴിഞ്ഞതിലൂടെ ഇടതു ഭരണകൂടത്തിൻ്റെ തെറ്റായ നിലപാട് തിരുത്തിക്കാൻ കഴിഞ്ഞതിൽ ചരിതാർത്ഥ്യമുണ്ട്. എയ്ഡഡ് സ്കൂൾ കോർപ്പറേറ്റിനു കീഴിലുള്ള അധ്യാപകർക്ക് നീതി കിട്ടുന്നതിന് വേണ്ടി കേരളത്തിലെ വിവിധ സഭാ മേലധ്യക്ഷൻമാരായ അഭിവന്ദ്യ ബിഷപ്പുമാർ ആവശ്യപ്പെട്ട കാര്യം നിയമസഭയിൽ സദുദ്ദേശത്തോടെ ചൂണ്ടിക്കാണിച്ചപ്പോൾ ശത്രുതാപരമായ സമീപനത്തോടെ മന്ത്രിമാർ പരിഹസിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. ബിഷപ്പുമാർക്ക് പറയാനുളള കാര്യങ്ങൾ പറയാനുളള സ്ഥലമല്ല നിയമസഭയെന്നും ബിഷപ്പുമാർക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ മന്ത്രിയുടെ വസതിയിൽ പോയി ബിഷപ്പുമാർ കണ്ടാൽ മതിയെന്നും നിയമസഭാ സ്പീക്കർ നടത്തിയ നിർഭാഗ്യകരമായ പ്രതികരണവും ഇടതുപക്ഷ നിലപാടിൻ്റെ പ്രതിഫലനമായിരുന്നു. ഭരണരംഗത്ത് നിന്നും എതിർപ്പ് പ്രകടിപ്പിച്ച ഇത്തരം സാഹചര്യങ്ങളെ എല്ലാം അതീജിവിച്ചുകൊണ്ടാണ് അധ്യാപക സമൂഹത്തിന് നീതി നിഷേധിച്ച സ്ഥിതിവിശേഷം സർക്കാരിനെ കൊണ്ട് തിരുത്തിക്കുന്നതിന് വേണ്ടി ശക്തമായി ഉന്നയിച്ച നിലപാടിൽ അടിയുറച്ച് നിന്നുകൊണ്ട് നിയമസഭയിൽ പോരാട്ടം നടത്തിയത് എന്നുള്ള യാഥാർത്ഥ്യം അഭിമാനകരമായി കണക്കാക്കുന്നു.
എൽ.ഡി.എഫ് സർക്കാർ തുടർന്ന് വന്ന നീതി നിഷേധത്തിൻ്റെയും ഭീഷണിയുടെയും മാർഗത്തിൽ നിന്ന് സമന്വയത്തിൻ്റെയും വഴിയിലേക്ക് സർക്കാരിനെ കൊണ്ട് വരാനും ഭരണ രംഗത്തിൻ്റെ കണ്ണ് തുറപ്പിക്കുവാനും നിയമസഭക്കകത്തും പുറത്തും നടത്തിയ ശക്തമായ പോരാട്ടം വിജയത്തിലെത്തിയത് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൻ്റെ അഭിമാനകരമായ വിജയമാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും പൊതുവിദ്യാഭ്യാസ മന്ത്രിയുടെയും നേതൃത്വത്തിൽ അധ്യാപക നിയമന പ്രശ്നത്തിൽ ഇപ്പോൾ നൽകിയിരിക്കുന്ന ഉറപ്പ് പാലിച്ചുകൊണ്ട് പരമാവധി വേഗത്തിൽ നിയമന അംഗീകാര നടപടിയിലേക്ക് കടക്കാൻ സർക്കാരിന് കഴിയണമെന്നും മോൻസ് ജോസഫ് എം എൽ എ പറഞ്ഞു.