അഹമ്മദാബാദ്: ഏഴ് വയസുള്ള ഒരു ആൺകുട്ടിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത് മുടിയും പുല്ലും ഷൂലേസും അടങ്ങിയ രോമപിണ്ഡം(ട്രൈക്കോബെസോർ).

കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ കുട്ടിയുടെ ശരീരത്തിൽ നിന്നാണ് ഇവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
മധ്യപ്രദേശിലെ രത്‌ലം സ്വദേശിയായ ശുഭം നിമാന കഴിഞ്ഞ രണ്ട് മാസമായി കടുത്ത വയറുവേദന, ഛർദ്ദി എന്നീ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടായിരുന്നു. മാത്രമല്ല, ശരീരഭാരം ഗണ്യമായി കുറയുകയും ചെയ്തിരുന്നു.

മധ്യപ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടും കുട്ടിയുടെ നില മെച്ചപ്പെട്ടില്ല. തുടർന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നടത്തിയ സിടി സ്കാനിലും എൻഡോസ്കോപ്പിയിലുമാണ് ദഹനനാളത്തിൽ അസാധാരണമായ മുഴ കണ്ടെത്തിയത്.
വൈദ്യശാസ്ത്രപരമായി ട്രൈക്കോബെസോർ എന്ന് വിളിക്കപ്പെടുന്ന ഇതിൽ മുടി, പുല്ല്, ഷൂലേസ് നൂൽ എന്നിവ അടിഞ്ഞുകൂടിയിരുന്നു. പിന്നീട് പ്രൊഫസർ ഡോ. ജയശ്രീ റാംജിയുടെ നേതൃത്വത്തിൽ, ട്രൈക്കോബെസോർ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഇത്തരം ശീലങ്ങൾ തുടരാതിരിക്കാൻ കുട്ടിക്ക് കൗൺസിലിങ് നൽകി.