ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകൾ അടിക്കടി പ്രവർത്തനരഹിതമാക്കുന്നത് രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ടാക്കുന്നു. കഴിഞ്ഞദിവസം രോഗികൾ ലിഫ്റ്റിൽ കുടുങ്ങിയിരുന്നു

. 21, 22 വാർഡുകളിലെ ലിഫ്റ്റുകളാണ് കഴിഞ്ഞദിവസം തകരാറിലായത്. 21-ാം വാർഡിലെ ലിഫ്റ്റ് ഒരു ദിവസം അഞ്ചും ആറും പ്രാവശ്യമെങ്കിലും കേടാകുമെന്നാണ് പറയുന്നു. ഈ സമയത്തൊക്കെ രോഗികളും ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടക്കും. പിന്നീട് മെക്കാനിക്കിനെ വിളിച്ചുവരുത്തിയാണ് ലിഫ്റ്റിനുള്ളിൽനിന്നും പുറത്തെത്തിക്കുന്നത്.
കഴിഞ്ഞദിവസം വീണ്ടും ലിഫ്റ്റ് കേടാകുകയും ഇതിനുള്ളിൽ വയോധിക രോഗിയും ആശുപത്രി ജീവനക്കാരനും അരമണിക്കൂറോളം കുടുങ്ങിക്കിടക്കുകയും ചെയ്തു. തുടർന്ന് സാങ്കേതിക വിദഗ്ധനെ വിളിച്ചുവരുത്തിയാണ് ആളുകളെ പുറത്തേക്കിറക്കിയത്.

രോഗികൾക്ക് ഏറെ ആശ്വാസമാകുന്നതാണ് ലിഫ്റ്റ് സംവിധാനം. ഇത് സുഗമമായി പ്രവർത്തിപ്പിക്കാൻ ആശുപത്രി അധികൃതർ യഥാസമയം നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.