പാലാ: നൂറുകണക്കിന് അശരണർക്ക് അഭയവും ചികിത്സയും പുനരധിവാസവും നൽകിവരുന്ന പാലാ മരിയസദനം ഗുരുതരമായ പ്രതിസന്ധി നേരിടുന്നു. 360-ലധികം മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ആളുകളെ സംരക്ഷിക്കുന്ന സ്ഥാപനത്തിന്റെ പുതുക്കിയ R.P.W.D രജിസ്ട്രേഷനിൽ അനുവദനീയമായ ആളുകളുടെ എണ്ണം 300-ൽ നിന്ന് 250 ആയി കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് അറിയിച്ചു.
1998 മുതൽ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെയും സമൂഹത്തിൽ ഒറ്റപ്പെട്ടവരുടെയും സംരക്ഷണത്തിനും പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് മരിയസദനം. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ, ലഹരിവിമുക്തി ചികിത്സയിൽ കഴിയുന്നവർ, കുട്ടികൾ, വയോജനങ്ങൾ, കിടപ്പുരോഗികൾ, അഗതികൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 600-ഓളം ആളുകൾ മരിയസദനത്തിന്റെ വിവിധ സ്ഥാപനങ്ങളിൽ സംരക്ഷണത്തിൽ കഴിയുന്നുണ്ട്.

ഇവരിൽ ഭൂരിഭാഗത്തിനും കുടുംബപിന്തുണയില്ല. കക്ഷി രാഷ്ട്രീയ ജാതിമത ഭേദമന്യേ ജനപ്രതിനിധികൾ, പോലീസ്, നഗരസഭകൾ, പഞ്ചായത്തുകൾ, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവ മുഖേനയാണ് നിരവധി ആളുകളെ മരിയസദനത്തിൽ എത്തിച്ചിട്ടുള്ളത്. ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരും ദീർഘകാല ചികിത്സയും പരിചരണവും ആവശ്യമായവരുമാണ് ഇവരിൽ പലരും.പുതുക്കിയ രജിസ്ട്രേഷൻ പ്രകാരം 250 ആളുകളെ സംരക്ഷിക്കുന്നതിന് മാത്രമാണ് അംഗീകാരമുള്ളത്. ഇതോടെ നിലവിൽ സംരക്ഷണത്തിൽ കഴിയുന്ന 110-ലധികം ആളുകളുടെ തുടർപരിചരണവും പുനരധിവാസവും സംബന്ധിച്ച് വലിയ ആശങ്ക ഉയർന്നിരിക്കുകയാണ്. കുടുംബാംഗങ്ങളില്ലാത്തവരും സ്വയം പരിപാലിക്കാൻ കഴിയാത്തവരുമായ ഇവരെ എവിടേക്ക് മാറ്റിപ്പാർപ്പിക്കുമെന്നതിന് വ്യക്തമായ പരിഹാരമില്ല.രജിസ്ട്രേഷൻ പരിധി കുറച്ചതോടെ പുതിയ ആളുകളെ സ്വീകരിക്കാനും സ്ഥാപനത്തിന് കഴിയാത്ത സാഹചര്യമാണുള്ളത്. തെരുവുകളിൽ അലഞ്ഞുതിരിയുന്നവരെയും പോലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ മുഖേന എത്തിക്കുന്ന നിരാലംബരെയും ഇനി എവിടെ പുനരധിവസിപ്പിക്കുമെന്നതും ഗൗരവമായ സാമൂഹിക പ്രശ്നമായി മാറുകയാണ്.

ഇതിനുപുറമെ, ഇത്രയധികം ആളുകളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിന് സർക്കാർ ധനസഹായം പരമാവധി 50 പേർക്ക് മാത്രമാണ് അനുവദിക്കുന്നതെന്നും അനുവദിച്ച തുകപോലും പലപ്പോഴും പൂർണമായി ലഭിക്കുന്നില്ല. ഭക്ഷണം, മരുന്ന്, ചികിത്സ, ജീവനക്കാരുടെ വേതനം, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്നതിന് വലിയ സാമ്പത്തിക ബാധ്യതയാണ് സ്ഥാപനം നേരിടുന്നത്.
നിലവിൽ സംരക്ഷണത്തിൽ കഴിയുന്ന ആളുകളെ തെരുവിലേക്ക് ഇറക്കിവിടാനോ സംരക്ഷണമില്ലാതെ ഉപേക്ഷിക്കാനോ കഴിയില്ല. സർക്കാർ സംവിധാനങ്ങൾ തന്നെ എത്തിച്ച നിരാലംബരുടെ തുടർസംരക്ഷണം ഉറപ്പാക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണ്. നിയമപരമായ നടപടികൾ നടപ്പാക്കുമ്പോൾ ഇത്തരം മനുഷ്യരുടെ ജീവിതവും സുരക്ഷയും മാനുഷിക പരിഗണനയോടെ കാണണമെന്ന് സന്തോഷ് ജോസഫ് അഭ്യർഥിച്ചു.മരിയസദനത്തിന്റെ നിലവിലെ സാഹചര്യവും സംരക്ഷണത്തിലുള്ള ആളുകളുടെ എണ്ണവും പരിഗണിച്ച് RPWD രജിസ്ട്രേഷൻ പരിധി വർധിപ്പിക്കണമെന്നും മതിയായ സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നു, സർക്കാർ, സാമൂഹ്യനീതി വകുപ്പ്, ജില്ലാ ഭരണകൂടം, ജനപ്രതിനിധികൾ, ബന്ധപ്പെട്ട മറ്റ് അധികാരികൾ എന്നിവർ അടിയന്തരമായി ഇടപെട്ട് നിലവിൽ സംരക്ഷണത്തിൽ കഴിയുന്ന ആളുകളുടെ ചികിത്സയും പരിചരണവും പുനരധിവാസവും തടസ്സപ്പെടാത്ത വിധത്തിൽ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും സന്തോഷ് ജോസഫ് അഭ്യർഥിച്ചു.

സന്തോഷ് ജോസഫ്
ഡയറക്ടർ
മരിയസദനം സാമൂഹ്യ അധിഷ്ഠിത പുനരധിവാസ കേന്ദ്രം