Kerala

ലോക മാനസികാരോഗ്യ ദിനാഘോഷം ഒക്ടോബർ 10ന് പാലായിൽ; മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും, ശ്രീ. ജോസ് കെ. മാണി എം.പി., ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ. എന്നിവർ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും.

 

പാലാ: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മരിയസദനം ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 10 ശനിയാഴ്ച പാലായിൽ ലോക മാനസികാരോഗ്യ ദിനാഘോഷം സംഘടിപ്പിക്കുന്നു. വൈകുന്നേരം 5 മണിക്ക് പാലാ ളാലം പാലം ജംഗ്ഷനിൽ ആഘോഷപരിപാടികൾ ആരംഭിക്കും. വൈകുന്നേരം 6 മണിക്ക് പൊതുസമ്മേളനം നടക്കും.“Lived Experiences Heard: Real Voices, Real Change” (അനുഭവങ്ങൾ കേൾക്കപ്പെടട്ടെ; യഥാർത്ഥ ശബ്ദങ്ങൾ യഥാർത്ഥ മാറ്റത്തിന് വഴിയൊരുക്കട്ടെ) എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഈ വർഷത്തെ ദിനാഘോഷം സംഘടിപ്പിക്കുന്നത്.
മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോയ വ്യക്തികളുടെ ജീവിതാനുഭവങ്ങൾ സമൂഹം കേൾക്കുകയും മനസ്സിലാക്കുകയും അവരുടെ ശബ്ദങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും സാമൂഹികമായ കളങ്കവും ഇല്ലാതാക്കുന്നതിനും മാനസികാരോഗ്യ അവബോധം വർധിപ്പിക്കുന്നതിനും കൂടുതൽ കരുതലും സഹാനുഭൂതിയും ഉൾക്കൊള്ളലും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കുന്നതിനും ദിനാഘോഷം ഊന്നൽ നൽകുന്നു.?

പാലാ റോട്ടറി ക്ലബ്, വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് (WFMH), വേൾഡ് അസോസിയേഷൻ ഫോർ സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ (WAPR), മരിയസദനം പാലാ, ജനമൈത്രി പോലീസ് പാലാ, ബി.വി.എം. ഹോളി ക്രോസ് കോളേജ് ചേർപ്പുങ്കൽ, കേരള വ്യപാര വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പാലാ, പാലാ നഗരസഭ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പൊതുസമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ബോബി കൊക്കാട്ട് അധ്യക്ഷത വഹിക്കും.ശ്രീ. ജോസ് കെ. മാണി എം.പി., ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ. എന്നിവർ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും.
മരിയസദനം ഡയറക്ടർ ശ്രീ. സന്തോഷ് ജോസഫ് സ്വാഗതം ആശംസിക്കും. വേൾഡ് അസോസിയേഷൻ ഫോർ സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെക്രട്ടറി ജനറൽ ഡോ. വി. കെ. രാധാകൃഷ്ണൻ ആമുഖപ്രസംഗം നടത്തും. വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് വൈസ് പ്രസിഡന്റ് ഡോ. റോയി കള്ളിവയലിൽ മുഖ്യപ്രഭാഷണം നടത്തും. മാനസികാരോഗ്യവും ജനമൈത്രി പോലീസും എന്ന വിഷയത്തിൽ പാലാ ഡി.വൈ.എസ്.പി. ശ്രീ. വർഗീസ് ടി. എം. സംസാരിക്കും.

പാലാ ശ്രീരാമകൃഷ്ണ മഠം അധ്യക്ഷൻ സ്വാമി ജപസിദ്ധാനന്ദ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മുഹമ്മദ് നദീർ മൗലവി ബാവവി, ബി.വി.എം. ഹോളി ക്രോസ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. ബേബി സെബാസ്റ്റ്യൻ തോണി ക്കുഴിയിൽ എന്നിവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തും.
പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ജിജി ബൈജു, നഗരസഭ കൗൺസിലർമാരായ കുമാരി ദിയ ബിനു പുളിക്കക്കണ്ടം, ശ്രീമതി ബിജി ജോജോ, ശ്രീമതി ജോസിൻ ബിനോ, എന്നിവരും ചൂണ്ടച്ചേരി സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ (SJCET Palai) ബർസാർ (Bursar) റവ. ഡോ. ജോർജ് കാരംവേലിൽ, മുൻ പാലാ ഡി.വൈ.എസ്.പി. ശ്രീ. കെ. സദൻ, പാല ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, കേരള വ്യപാര വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രതിനിധി ശ്രീ. അനൂപ് ജോർജ്, മരിയസദനം കൺസൾട്ടന്റ് സൈക്യാട്രിസ്റ്റുമാരായ ഡോ. എൻ. ഡി. മോഹൻ, മുൻ നഗരസഭ കൗൺസിലർ ശ്രീ. ബൈജു കൊല്ലംപറമ്പിൽ, പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി സൈക്യാട്രിക് സോഷ്യൽ വർക്കർ ശ്രീമതി ആശാ മരിയ പോൾ എന്നിവർ സംസാരിക്കും. മരിയസദനം അഡ്മിനിസ്ട്രേറ്റർ നിഖിൽ സെബാസ്റ്റ്യൻ കൃതജ്ഞത രേഖപ്പെടുത്തും.

ദിനാഘോഷത്തിന്റെ ഭാഗമായി മരിയസദനത്തിലെ അന്തേവാസികളുടെ സംഗീത കൂട്ടായ്മയായ ‘റിഥംസ് ഓഫ് മൈൻഡ് ഓർക്കസ്ട്ര’ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. മാനസികാരോഗ്യ പ്രശ്നങ്ങളെ അതിജീവിച്ചവരുടെ കഴിവുകളും സർഗാത്മകതയും സമൂഹത്തിന് മുന്നിൽ ചര്‍ച്ച ചെയ്യപ്പെടാനുള്ള വേദി കൂടിയായിരിക്കും ഈ സംഗീതപരിപാടിയും പൊതു സമ്മേളനവും .മാനസികാരോഗ്യ സംരക്ഷണം ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ദിനാഘോഷത്തിൽ പൊതുജനങ്ങളും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിലെ പ്രതിനിധികളും മാധ്യമ സുഹൃത്തുക്കളും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top