കൊച്ചി: മലയാളികളുടെ മാസങ്ങൾനീണ്ട കാത്തിരിപ്പിന് വിരാമം. ഇടവേളയ്ക്കുശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവം ആകുന്നു.

ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ താരം വീണ്ടും ചിത്രീകരണ തിരക്കുകളിലേയ്ക്ക് കടക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മോഹൻലാലിനൊപ്പമുള്ള ചിത്രത്തിലൂടെ ആണ് മമ്മൂട്ടിയുടെ തിരിച്ചുവരവ്. ചിത്രീകരണം ഒക്ടോബറിൽ നടക്കും.
ആന്റോ ജോസഫ് നിർമിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിന്റെ സെറ്റിലേക്കാണ് മമ്മൂട്ടിയെത്തുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി ഒക്ടോബർ ആദ്യവാരം മമ്മൂട്ടിയെത്തും. ഓഗസ്റ്റ് 19-നാണ് മമ്മൂട്ടി പൂർണ ആരോഗ്യവാനായി എന്ന വാർത്ത എത്തിയത്.

മോഹൻലാൽ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് ആശംസകളർപ്പിരുന്നു. മമ്മൂട്ടിയുടെ ബിഗ് സ്ക്രീൻ തിരിച്ചുവരവിനായി അന്നുമുതലേ ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുകയാണ്. തന്റെ കരിയറിൽ ഇത്രയും നീണ്ട ഒരിടവേള മമ്മൂട്ടി എടുത്തിട്ടില്ല എന്നതാണ് അതിന് കാരണം.