Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; സെപ്തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേര് ചേർക്കാം

തദ്ദേശ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച കരട് വോട്ടർപട്ടിക സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. സെപ്തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാമെന്നും അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

സെപ്തംബർ 2 ന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടർപട്ടികയിൽ 2,83,12,458 വോട്ടർമാരാണുള്ളത്. 1,33,52,947പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാൻസ്ജെൻഡറുമാണ് വോട്ടർപട്ടികയിലുള്ളത്. ഇതിനു പുറമെ 2087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.

ഒക്ടോബർ 14 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ സമർപ്പിക്കാം.

കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.

വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കുന്നതിനും (ഫാറം 4), ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹീയറിംഗിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top