അന്തരിച്ച ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ അകലെയുള്ള സിന്താൻ എന്ന പട്ടണത്തിലെ വസതിയിൽ വെച്ചാണ് കൊല നടന്നത്. മുഖംമൂടി ധരിച്ച നാലംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി സെയ്ഫ് അൽ-ഇസ്ലാമിന് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം അദ്ദേഹത്തിന്റെ അഭിഭാഷകനും ലിബിയൻ ചീഫ് പ്രോസിക്യൂട്ടറുടെ ഓഫീസും സോഷ്യൽ മീഡിയയിലൂടെ മരണം സ്ഥിരീകരിച്ചു.

ഒരു കാലത്ത് ഗദ്ദാഫിയുടെ പിൻഗാമിയായി രാജ്യഭരണം കയ്യാളുമെന്ന് കരുതപ്പെട്ടിരുന്ന വ്യക്തിയാണ് 53 കാരനായ സെയ്ഫ് അൽ-ഇസ്ലാം. 1972-ൽ ജനിച്ച അദ്ദേഹം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് പിഎച്ച്ഡി നേടിയിട്ടുള്ള വ്യക്തിയാണ്. ഗദ്ദാഫി ഭരണകൂടത്തിന്റെ പരിഷ്കരണവാദിയായ മുഖമായാണ് സെയ്ഫ് അൽ-ഇസ്ലാം അറിയപ്പെട്ടിരുന്നത്.