Kerala

‘സര്‍ക്കാര്‍ പട്ടിണി വിളമ്പരുത്’; രൂക്ഷ വിമര്‍ശനവുമായി ‘സുപ്രഭാതം’ ദിനപത്രം

കോഴിക്കോട്: സര്‍ക്കാരിന് വിമര്‍ശനവുമായി ‘സുപ്രഭാതം’ ദിനപത്രത്തിന്റെ മുഖപ്രസംഗം. സാധനങ്ങളുടെ വില മാനംമുട്ടെ ഉയരുമ്പോള്‍ സര്‍ക്കാര്‍ നിസംഗതയുടെ പര്യായമാകുന്നുവെന്നും സര്‍ക്കാര്‍ പട്ടിണി വിളമ്പരുതെന്നുമാണ് മുഖപ്രസംഗം വിമര്‍ശിക്കുന്നത്. വിലക്കയറ്റത്തില്‍ സപ്ലൈകോയ്ക്കും കണ്‍സ്യൂമര്‍ ഫെഡിനും ചെറുവിരല്‍ അനക്കാനാവുന്നില്ലെന്ന് ‘സര്‍ക്കാര്‍ പട്ടിണി വിളമ്പരുത്’ എന്ന തലകെട്ടോടെയുള്ള മുഖപ്രസംഗം നിശിതമായ വിമര്‍ശനം ഉന്നയിക്കുന്നു.

വാചകമടി കൊണ്ട് വിലക്കയറ്റം പിടിച്ച് നിര്‍ത്താനാവില്ല. എന്തിനും ഏതിനും സാമ്പത്തിക ഞെരുക്കം പറഞ്ഞ് ജനങ്ങള്‍ക്ക് പട്ടിണി വിളമ്പരുത്. വിലക്കയറ്റം ദേശീയ വിഷയമാണെന്ന ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ ഭാഷ്യം വിശക്കുന്നവന് നേരെയുള്ള കൊഞ്ഞനം കുത്തലാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിലക്കയറ്റം സഭയില്‍ ചര്‍ച്ച ചെയ്യരുതെന്ന വാശി ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. ജനങ്ങളെ പ്രതിപക്ഷമായി കാണരുത്. എന്തിനും ഏതിനും കേന്ദ്ര വിരുദ്ധത പറയുന്ന ഇടതു സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടത്തിയ ഇടപെടല്‍ പരിശോധിക്കണം. വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതം ദുരിതപൂര്‍ണ്ണമാകുമ്പോള്‍ സര്‍ക്കാരിന്റെ ഇടപെടല്‍ സംവിധാനങ്ങളൊക്കെ നോക്കുകുത്തികളാകുന്ന കാഴ്ച്ചയാണ്. സംസ്ഥാനത്തിന്റെ പച്ചക്കറി വില റെക്കോര്‍ഡിലാണ്. എല്ലാത്തിനും വില ഇരട്ടിയിലധികമായി. പലവ്യഞ്ജനങ്ങളുടെയും വില 50 ശതമാനം മുതല്‍ 200 % വരെയായി. സ്ഥിതി ഇത്രയും ഗുരുതരമായിട്ടും വിലക്കയറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന കൃഷിമന്ത്രി നിയമസഭയില്‍ പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്.
വിപണി ഇടപെടലിന് സിവില്‍ സപ്ലൈസിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കാത്തതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമെന്ന് വകുപ്പ് തന്നെ വ്യക്തമാക്കിയ കാര്യമാണ്. ബജറ്റില്‍ വകയിരുത്തിയതില്‍ ഒരു രൂപ പോലും സിവില്‍ സപ്ലൈസ് വകുപ്പിന് കിട്ടുന്നില്ലെന്നാണ് ഭക്ഷ്യ മന്ത്രി പറയുന്നത്. അതിനാല്‍ പണമില്ലാത്തത്തിനാല്‍ ടെന്‍ഡറില്‍ പോലും കരാറുകാരെ കിട്ടാത്ത അവസ്ഥയാണ് സിവില്‍ സപ്ലൈക്കോക്ക് എന്നും ലേഖനത്തില്‍ പറയുന്നു. പച്ചക്കറിക്ക് ഇപ്പോഴും ഇതര സംസ്ഥാനത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് കേരളം. കര്‍ഷകര്‍ കൃഷിയില്‍ നിന്ന് അകലുന്നതാണ് ഇതിന് പ്രധാന കാരണം. ഇതിന് ഇടതു സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളും നിലപാടും മുഖ്യകാരണമാണ്. കേരളത്തില്‍ എറ്റവും കൂടുതല്‍ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്ന വട്ടവടയില്‍നിന്ന് പോലും കര്‍ഷകരില്‍ നിന്ന് ഹോര്‍ട്ടികോര്‍പ്പ് ഇപ്പോള്‍ സംഭരണം നടത്തുന്നില്ല. കഴിഞ്ഞ വര്‍ഷം സംഭരിച്ച ഇനത്തില്‍ 50 ലക്ഷം രൂപ കര്‍ഷകര്‍ക്ക് നല്‍കാനുമുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top