തിരുവനന്തപുരം: ഓണക്കാലം മദ്യവിൽപ്പനയിലും പാൽ വിൽപ്പനയിലും മാത്രമല്ല കെഎസ്ആർടിസി കളക്ഷനിലും ചരിത്ര നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കെഎസ്ആർടിസി കളക്ഷൻ ചലഞ്ചിൽ വൻ നേട്ടമാണുണ്ടായിരിക്കുന്നത്.

തിങ്കളാഴ്ച മാത്രം ലഭിച്ചത് 10.19 കോടി രൂപയുടെ വരുമാനം ആണ്. ഒരു ദിവസം കൊണ്ട് മാത്രം ഇത്രയും കളക്ഷൻ ലഭിക്കുന്നത് ഇത് ആദ്യമായാണ്. ഓണത്തിന് പിന്നാലെ കേരളത്തിൽ നിന്നും കേരളത്തിലേക്കും കേരളത്തിനകത്തും യാത്രക്കാരുടെ എണ്ണം വർധിച്ചതാണ് കെഎസ്ആർടിസിക്ക് ചരിത്രനേട്ടമുണ്ടാക്കി കൊടുത്തത്.
അതേസമയം സംസ്ഥാനത്ത് ഓണക്കാലത്ത് പാൽ വിൽപ്പനയിൽ മിൽമ റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ് ഉത്രാട ദിനത്തില്‍ വിറ്റുപോയത്. പാൽ മാത്രമല്ല മിൽമയുടെ തൈരും ഓണത്തോടനുബന്ധിച്ച് റെക്കോർ നേട്ടം കൊയ്തു.

കണക്കുകൾ പ്രകാരം ഉത്രാട ദിനത്തില്‍ 38,03, 388 ലിറ്റര്‍ മിൽമ പാലാണ് വിറ്റുപോയത്. അന്നേദിവസം 3,97,672 കിലോ തൈരും വിറ്റുപോയി. കഴിഞ്ഞ വർഷം ഓണം സമയത്ത് പാലിന്റെ വില്‍പ്പന 37,00,209 ലിറ്റര്‍ ആയിരുന്നു. തൈര് 3,91, 923 കിലോയുമായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ വില്‍പ്പന വര്‍ധിച്ചെന്ന് മാത്രമല്ല പാല്‍, തൈര് വില്‍പ്പനയില്‍ പുതിയ സര്‍വകാല റെക്കോര്‍ഡ് ആണ് ഉണ്ടായിരിക്കുന്നത്.
സഹകരണ സംഘങ്ങൾ വഴി ഓണത്തിന് മുൻപുള്ള ആറ് ദിവസങ്ങളിൽ വിറ്റുപോയത് 1,19,58,751 ലിറ്റര്‍ പാലാണ്. 14,58,278 ലക്ഷം കിലോ തൈരും ഈ ദിവസങ്ങളിൽ വിറ്റുപോയതായാണ് കണക്കുകൾ.