കോട്ടയം: സിനിമാതാരം കൃഷ്‌ണപ്രസാദ് മർദ്ദിച്ചെന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ. കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ ബി ശ്രീകുമാറാണ് (67) കൃഷ്‌ണപ്രസാദും സഹായി കൃഷ്ണകുമാറും ചേർന്നു തന്നെ മർദിച്ചെന്നു ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയത്.

കോട്ടയം നഗരത്തിൽ താമസിക്കുന്ന ഡോക്‌ടർ ചങ്ങനാശേരി പെരുന്ന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള പുരയിടത്തിലെത്തിയപ്പോഴാണ് സംഭവമെന്നു പരാതിയിൽ പറയുന്നു. അവിടെ ശ്രീകുമാർ പുതിയ വീട് നിർമിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി തൊഴിലാളികൾ കല്ലുകെട്ടിയപ്പോൾ കൃഷ്‌ണപ്രസാദ് തടയുകയും കല്ലുകെട്ടിയാൽ പൊളിക്കുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു. ഇതിനു പിന്നാലെ ഡോക്‌ടർ സ്‌ഥലത്തെത്തിയപ്പോൾ കല്ലിട്ട സ്‌ഥലത്ത് വില്ലേജ് ഓഫിസറുമായി കൃഷ്ണപ്രസാദും എത്തി. അതു മൊബൈലിൽ പകർത്തുന്നതിനിടെയാണ് മർദനമേറ്റതെന്നാണ് പരാതി. ഡോക്ടർ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.