തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് പലരുടെയും ആഴത്തിലുള്ള സത്യസന്ധമായ അനുഭവങ്ങളെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. സിനിമാ മേഖല കുത്തഴിഞ്ഞ് കിടക്കുകയാണ്. കൊടുക്കൽ വാങ്ങൽ എല്ലാ കാലത്തും ഇവിടെ ഉണ്ട്. വേട്ടക്കാരിൽ പുരുഷന്മാർ മാത്രമല്ല ഉള്ളത്. സിനിമ മേഖലയിലെ കുറേ പേർ മൃഗങ്ങളാണെന്നും കൃഷ്ണകുമാർ പറഞ്ഞു.

സർക്കാർ ആരെയാണ സംരക്ഷിക്കുന്നത്. ആരെങ്കിലും ആക്രമിക്കപ്പെട്ടാൽ അവരുടെ മതവും രാഷ്ട്രീയം ഒക്കെ നോക്കിയാണ് പ്രതികരിക്കുന്നത്. റിപ്പോർട്ടിൽ സർക്കാർ അടിയന്തരമായി നടപടിയെടുക്കണം. റിപ്പോർട്ട് വലിയ ബോധവത്കരണം കൊടുത്തിട്ടുണ്ട്. ശിക്ഷാ നടപടികൾ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
കുത്തഴിഞ്ഞ് കിടക്കുന്ന സിനിമാ മേഖലയിൽ പുഴുക്കുത്തുകളുടെ എണ്ണം കൂടി വരികയാണ്. സിനിമയിൽ പണ്ട് മുതലേ ലോബിയുണ്ടായിരുന്നു. സിനിമയിൽ സക്സസ് ആകാത്തതുകൊണ്ട് ഒരു ലോബിയിലും ഞാൻ ഇല്ലായിരുന്നു. ഒരു പെൺകുട്ടിക്ക് ദുരനുഭവം ഉണ്ടായാൽ പരാതി പറയാൻ ഇടമില്ല. പലരും ആത്മഹത്യയുടെ വക്കിലാണ്. എഎംഎംഎക്ക് പരിമിതികളുണ്ട്. അതൊരു കൂട്ടായ്മ മാത്രമാണ്. തെറ്റുകളെ നിയന്ത്രിക്കണം. ഭയം ഉണ്ടായാലെ ഇത് സാധ്യമാകൂ. പുറത്തുവരുന്ന റിപ്പോർട്ടുകളിൽ ഒന്നും നടപടികൾ ഉണ്ടാകുന്നില്ല. ഇത്രയും വിശദമായി പറഞ്ഞ റിപ്പോർട്ടിൽ എല്ലാവരും ഒന്നിച്ച് നിന്ന് നടപടിയെടുക്കണം. കൊടുക്കൽ വാങ്ങൽ എല്ലാ കാലത്തും സിനിമയിലുണ്ട് ഉണ്ട്. കൃത്യമായ നടപടിയെടുത്തില്ലെങ്കിൽ ഇത് തുടരും, സിനിമയിലെ ലഹരിക്കേസുകൾ എന്തായി, അതിൻ്റെ അന്വേഷണം എങ്ങുമെത്തിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.