കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ കോട്ടയത്ത് യുഡിഎഫിൽ അധ്യക്ഷസ്ഥാനത്തെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. ജില്ലാ പഞ്ചായത്തിലും പ്രധാന നഗരസഭകളിലും ഒന്നിലധികം പേർ അവകാശവാദവുമായി രംഗത്തെത്തിയതോടെ സമവായമുണ്ടാക്കാൻ കഴിയാതെ നേതൃത്വം ത്രിശങ്കുവിലായി. കെപിസിസി മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള നീക്കങ്ങൾ പാളുന്നതായാണ് സൂചന.

കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തിനായി ഗ്രൂപ്പുകൾ തമ്മിലാണ് പോരാട്ടം. വാകത്താനത്ത് നിന്ന് വിജയിച്ച മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ ജോഷി ഫിലിപ്പിന് വേണ്ടി ഒരു വിഭാഗം ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ, സിപിഎം കോട്ടയായ കുമരകത്ത് അട്ടിമറി വിജയം നേടിയ പി.കെ. വൈശാഖിനെ പരിഗണിക്കണമെന്നാണ് യുവനേതാക്കളുടെ ആവശ്യം.
നാല് അംഗങ്ങളുള്ള കേരള കോൺഗ്രസിന് (ജോസഫ്) വനിതാ പ്രതിനിധികളില്ലാത്തതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനം നൽകാൻ നിയമപരമായ തടസ്സമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ഒരു ടേം പ്രസിഡന്റ് സ്ഥാനം വേണമെന്ന ആവശ്യം കേരള കോൺഗ്രസും മുന്നോട്ടുവെച്ചിട്ടുണ്ട്.
കോട്ടയം നഗരസഭയിൽ അധ്യക്ഷനാകാൻ കോൺഗ്രസ് നിരയിൽ മൂന്ന് പേരാണ് പ്രധാനമായും രംഗത്തുള്ളത്. ആറാം തവണയും കൗൺസിലിലെത്തിയ എം.പി. സന്തോഷ് കുമാർ, യുവ നേതാവ് ടോം കോര, മുതിർന്ന നേതാവ് ടി.സി. റോയി എന്നിവർക്കായി വ്യത്യസ്ത ഗ്രൂപ്പുകൾ വാദിക്കുന്നു. ഏറ്റുമാനൂർ നഗരസഭയിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്.
ജില്ലയിലെ വിജയത്തിൽ തങ്ങൾക്കും തുല്യ പങ്കുണ്ടെന്ന് അവകാശപ്പെടുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം കടുത്ത നിലപാടിലാണ്. വിജയിച്ചവരുടെ ബാഹുല്യം നേതൃത്വത്തിന് തലവേദനയാകുമ്പോൾ, വരും ദിവസങ്ങളിൽ കെപിസിസി ഇടപെട്ട് പ്രശ്നപരിഹാരം കാണാനാണ് സാധ്യത. ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം ജനകീയ മുഖങ്ങളെ അധ്യക്ഷ സ്ഥാനത്തെത്തിച്ചില്ലെങ്കിൽ അത് ഭരണത്തെ ബാധിക്കുമെന്ന ആശങ്കയും മുന്നണിക്കുള്ളിലുണ്ട്.