കണ്ണനല്ലൂർ: മുൻകൂർ അനുമതി ഇല്ലാതെ അകത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷൻ. കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിലാണ് വിചിത്ര നിയമം നടപ്പാക്കിയിരിക്കുന്നത്.

പൊലീസിന്റെ സേവനം തേടിയെത്തുന്നവർ അനുമതി വാങ്ങിയ ശേഷം അകത്തു പ്രവേശിക്കാവൂ എന്നാണ് ഈ സ്റ്റേഷനിലെ പുതിയ നിയമം. ഇക്കാര്യം വ്യക്തമാക്കി പൊലീസ് സ്റ്റേഷന് മുന്നിൽ നോട്ടീസും പതിപ്പിച്ചിട്ടുണ്ട്.
സേവനങ്ങൾക്കായി പൊലീസ് സ്റ്റേഷനിൽ വരുന്നവർ വാച്ച് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വിവരം ധരിപ്പിക്കണം. പിന്നീട് സമ്മതത്തോടുകൂടി മാത്രമേ അകത്ത് പ്രവേശിക്കാൻ പാടുള്ളു എന്ന് സ്റ്റേഷനിൽ പതിച്ചിട്ടുള്ള നോട്ടീസിൽ വ്യക്തമാക്കുന്നു.

സ്റ്റേഷനിലെ സ്ഥലപരിമിതി മൂലമാണ് പുതിയ നിയമം എന്നാണ് കണ്ണനല്ലൂർ പൊലീസ് പറയുന്നത്. പരാതിയുമായും അല്ലാതെയും നിരവധി പേർ വരുന്നതിനാലാണ് നോട്ടീസ് പതിച്ചതെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.