കൊൽക്കത്ത: കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലും പെയ്ത കനത്ത മഴയിൽ ജനജീവിതം താറുമാറായി. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നഗരത്തിൽ ഗതാഗതം സ്തംഭിച്ചു.

അർധരാത്രി കഴിഞ്ഞപ്പോൾ ആരംഭിച്ച മഴയിൽ റോഡുകൾ വെള്ളത്തിനടിയിൽ ആവുകയും നഗരത്തിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുകയും ചെയ്തു. മഴക്കെടുതി മൂലം നഗരത്തിൽ അഞ്ചു പേർ മരിച്ചു. ദക്ഷിണ ബംഗാൾ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പല സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ ഒട്ടുമിക്ക മെട്രോ സർവീസുകളും നിർത്തിവച്ചു. ഷാഹിദ് ഖുദിറാം, മൈദാൻ സ്റ്റേഷനുകൾക്കിടയിലുള്ള പ്രവർത്തനങ്ങൾ പൊതുജന സുരക്ഷ മുൻനിർത്തി നിർത്തിവച്ചതായി മെട്രോ റെയിൽ വക്താവ് അറിയിച്ചു.

ദക്ഷിണേശ്വർ, മൈദാൻ സ്റ്റേഷനുകൾക്കിടയിൽ വെട്ടിച്ചുരുക്കിയ സർവീസുകൾ മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.