Kerala

ഈ വര്‍ഷവുമുണ്ട് ‘കേരളീയം’; സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തണം

വിമര്‍ശനങ്ങളൊന്നും കണക്കിലെടുക്കാതെ കേരളീയം പരിപാടിയുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍. ഈ വര്‍ഷവും കേരളീയം പരിപാടി നടത്തും. ഡിസംബറിലാകും പരിപാടി സംഘടിപ്പിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്താനാണ് വകുപ്പുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. തിരുവനന്തപുരം സ്ഥിരം വേദിയാക്കി എല്ലാവര്‍ഷവും കേരളീയം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷത്തെ സമാപന സമ്മേളനത്തില്‍ പ്രഖ്യാപിച്ചതാണ്. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് സര്‍ക്കാര്‍.

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലായിരുന്നു കേരളീയം നടത്തിയത്. അതിന്റെ ചെലവ് കണക്കുകള്‍ ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. വിവരാവകാശ നിയമ പ്രകാരം കണക്കുകള്‍ ചോദിച്ചിട്ടും മറുപടി നല്‍കിയില്ല. നിയമസഭയില്‍ ഇതുസംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് പബ്ലിക് റിലേഷന്‍ വകുപ്പ് ചെലവഴിച്ച തുകയുടെ കണക്കുകള്‍ മാത്രമാണ് നല്‍കിയത്. ഈ വിവാദങ്ങളെല്ലാം നില്‍ക്കുമ്പോഴാണ് ഈ വര്‍ഷവും സമാനമായ രീതിയില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനായാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. കഴിഞ്ഞ വര്‍ഷത്തെ കേരളീയം കേരളപ്പിറവി ദിനം മുതല്‍ ഏഴ് ദിവസമാണ് നടന്നത്. 60 വേദികളിലായി 35 ഓളം പ്രദര്‍ശനങ്ങള്‍ അരങ്ങേറി. വിവിധ രംഗങ്ങളിലെ നേട്ടങ്ങള്‍ എടുത്തുകാണിക്കുന്ന സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ആറ് ട്രേഡ് ഫെയറുകള്‍, അഞ്ചു വ്യത്യസ്ത തീമുകളില്‍ ചലച്ചിത്രമേളകള്‍, അഞ്ചു വേദികളില്‍ ഫ്‌ളവര്‍ഷോ, എട്ടു വേദികളില്‍ കലാപരിപാടികള്‍, നിയമസഭയില്‍ അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. മെഗാഷോകള്‍ക്കായി സര്‍ക്കാര്‍ കോടികളാണ് ചെലവഴിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top