Kerala

എയ്ഡഡ് അധ്യാപക നിയമന പ്രതിസന്ധി: നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം കൊണ്ടുവരാൻ കേരള കോൺഗ്രസ്‌

കോട്ടയം/തിരുവനന്തപുരം : ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ എയ്ഡഡ് സ്കൂൾ അധ്യാപക നിയമന പ്രതിസന്ധിയിൽ കേരള കോൺഗ്രസ്‌ പാർട്ടി നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം കൊണ്ടുവരും. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എം.എൽ.എയുടെ നിർദ്ദേശപ്രകാരം അഡ്വ. മോൻസ് ജോസഫ് എം. എൽ.എ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകി. തിങ്കളാഴ്ച പ്രമേയ അവതരണത്തിന് സ്പീക്കർ അനുമതി നൽകിയതായി മോൻസ് ജോസഫ് എം എൽ എ അറിയിച്ചു.

ഭിന്നശേഷി സംവരണം തങ്ങളുടെ സ്കൂളുകളിൽ നടപ്പാക്കാൻ തയ്യാറാണെന്ന് ക്രിസ്ത്യൻ മാനേജ്മെന്റ് നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണ്. കോടതിവിധി അനുസരിച്ച് അത്തരത്തിലുള്ള എല്ലാ ഒഴിവുകളും ഒഴിച്ചിടാനും മാനേജ്മെന്റുകൾ തയ്യാറായിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ലഭ്യമായിട്ടുള്ള എല്ലാവരെയും ഇതിനോടകം നിയമിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഭിന്നശേഷി അധ്യാപകരെ പൂർണമായി നിയമിക്കാതെ മറ്റ് അധ്യാപക നിയമങ്ങൾ നടപ്പാക്കാനോ അംഗീകരിക്കാനോ കഴിയില്ല എന്നുള്ള നിലപാടിലാണ് സർക്കാർ. 2018 മുതൽ 2021 വരെയുള്ള അധ്യാപക നിയമനങ്ങൾ താൽക്കാലികം ആയിട്ടാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്. 2021ന് ശേഷമുള്ള മാനേജ്മെന്റ് സ്കൂളുകളിലെ മുഴുവൻ നിയമനങ്ങളും ദിവസ വേതന അടിസ്ഥാനത്തിൽ മാത്രം നടപ്പാക്കുവാൻ ആണ് സർക്കാർ തയ്യാറായിട്ടുള്ളത്.

ഇത്തരത്തിൽ ദിവസക്കൂലിക്കാരായി തരംതാഴ്ത്തപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് യോഗ്യരായ അധ്യാപകർക്ക് കേരള സർവീസ് റൂളും ചട്ടവും പ്രകാരമുള്ള ഇൻക്രിമെന്റ്, ഗ്രേഡ് തുടങ്ങിയ ആനുകൂല്യങ്ങൾ ഒന്നും ലഭ്യമാകുന്നില്ല എന്ന് മാത്രമല്ല പ്രൊബേഷൻ ഉൾപ്പെടെ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ദിവസക്കൂലി പോലുമില്ലാതെ വർഷങ്ങളായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് അധ്യാപകർ വേറെയുമുണ്ട്.

ഭിന്നശേഷി സംബന്ധമായ നിയമപ്രശ്നം വിദ്യാഭ്യാസ വകുപ്പിന്റെ തെറ്റിദ്ധാരണാജനകമായ ഉത്തരവുകൾ വഴി സങ്കീർണമാക്കി കൊണ്ടിരിക്കുകയാണ്. എൻ എസ്എസ് കേസിൽ സുപ്രീംകോടതി നടത്തിയ വിധിന്യായത്തിൽ തന്നെ സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും വിഭാഗങ്ങൾക്കും ഈ വിധിന്യായം നടപ്പാക്കാം എന്ന കാര്യം വ്യക്തമാക്കിയിരുന്നു. 2025 ഏപ്രിൽ ഏഴിന് ഹൈക്കോടതിയും ഇത്തരത്തിലൊരു നിരീക്ഷണം നടത്തുകയും സർക്കാർ ഇക്കാര്യത്തിൽ അനുഭാവപൂർവമായ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് വന്നു മൂന്ന് മാസത്തിനുശേഷം ജൂലൈ 30ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത് സുപ്രീംകോടതി ഉത്തരവ് എൻഎസ്എസ് മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണെന്നും മറ്റ് സ്ഥാപനങ്ങളിൽ ഇത് നടപ്പാക്കണം എങ്കിൽ പ്രത്യേക കോടതി ഉത്തരവ് വേണമെന്നുമാണ് സർക്കാർ വാദം.

സുപ്രീംകോടതി വിധിപ്രകാരം സർക്കാരിന് നടപടി കൈക്കൊള്ളാമെന്നിരിക്കെയാണ് വർഷങ്ങളായി നിയമന അംഗീകാരം പ്രതീക്ഷിക്കുന്ന അധ്യാപകരെയും വിവിധ മാനേജ്മെന്റുകളെയും ഒരേപോലെ പ്രയാസപ്പെടുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സർക്കാരിന്റെ നീതി നിഷേധത്തിന്റെ ഇരകളായി അധ്യാപകർ മാറുന്നത് സാംസ്‌കാരിക കേരളത്തിന്‌ ഭൂഷണമല്ല. ഈ നീതി നിഷേധത്തിന് പരിഹാരം ഉണ്ടാക്കുവാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top