തിരുവനന്തപുരം: കേരളത്തിന് എതിരായ കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞ് ധന മന്ത്രി കെ എന്‍ ബാലഗോപാലിന്റെ അവസാന ബജറ്റ് പ്രസംഗം. കേരളത്തെ ശ്വാസംമുട്ടിക്കാന്‍ അവസാനകാലത്തും കേന്ദ്രം ശ്രമിക്കുന്നതായി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനക്കെതിരായ കടുത്ത പ്രതിഷേധം ബജറ്റ് പ്രസംഗത്തിലൂടെ രേഖപ്പെടുത്തുന്നുവെന്ന് ബാലഗോപാല്‍ സൂചിപ്പിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം ചരിത്രത്തില്‍ ഇല്ലാത്ത രീതിയില്‍ കവര്‍ന്നെടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഇന്ത്യയില്‍ വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും നടക്കുന്നു. ജിഎസ്ടി പരിഷ്കരണത്തില്‍ 800 കോടി രൂപയുടെ നഷ്ടമുണ്ടായി. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. കേന്ദ്ര പദ്ധതിയിലെ കേന്ദ്ര വിഹിതം കുറച്ചു. തൊഴിലുറപ്പ് പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ രണ്ടായിരം കോടി അധികം കണ്ടത്തേണ്ട സ്ഥിതിയാണ്. നികുതി വരുമാനവും വായ്പാ പരിധിയും വെട്ടികുറയ്ക്കുന്നു. തനത് വരുമാനത്തിന്റെ പ്രധാന സ്രോതസായ ജിഎസ്ടിയില്‍ പോലും കുറവ് വരുത്തി’, മന്ത്രി പറഞ്ഞു.