പാലാ :കേരള കോൺഗ്രസ് എമ്മിൽ നിന്നും നിരവധിപേർ ജോസഫ് ഗ്രൂപ്പിൽ ചേർന്നു എന്നുള്ള വാർത്ത തികച്ചും അടിസ്ഥാന രഹിതമെന്ന് കേരള കോൺഗ്രസ്. എം മീനച്ചിൽ മണ്ഡലം പ്രസിഡന്റ് ബിനോയ് നരിതൂക്കിൽ.

കഴിഞ്ഞ കാലങ്ങളിൽ ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന മോൻസ് കുമ്പളന്താനം, പയസ് തൈപ്പറമ്പിൽ, തോമസ് കൊള്ളിക്കൊളവിൽ എന്നിവർ മാത്രമാണ് പാർട്ടി വിട്ടത്. ജോസഫ് ഗ്രൂപ്പിൽ നിന്നും അവഗണന നേരിട്ട് പുറത്താക്കപ്പെട്ടപ്പോൾ അന്ന് രാഷ്ട്രീയ അഭയം നൽകിയത് കേരള കോൺഗ്രസ് എമ്മും അവരെ ചേർത്തു പിടിച്ചത് പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പിയും ആണ്.

മീനച്ചിൽ താലൂക്കിലെ തന്നെ മികച്ച സഹകരണ ബാങ്കുകളിൽ ഒന്നായ പൂവരണി സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയുടെ അംഗത്വവും പാർട്ടിയിൽ അർഹമായ ഭാരവാഹിത്വവും നൽകിയാണ് പാർട്ടി അവരെ സ്വീകരിച്ചത്. പല സീനിയർ ആൾക്കാരെയും മാറ്റിനിർത്തിയാണ് പൂവരണി ബാങ്കിൽ മോൻസിന് സീറ്റ് നൽകിയത്. അതൊക്കെ വിസ്മരിച്ചുകൊണ്ട് ആറുമാസം മുമ്പ് ബാങ്ക് ഡയറക്ടർ ബോർഡിൽ നിന്നും പുറത്തുപോയ അദ്ദേഹം സാമ്പത്തിക ഭദ്രതയുള്ള പൂവരണി ബാങ്കിനെതിരെ തികച്ചും വിലകുറഞ്ഞ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
കേവലം ബാലിശമായ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് പാർട്ടി വിട്ടുപോയത് ദുഃഖകരമാണ്. അവരോടൊപ്പം 100 കണക്കിന് പ്രവർത്തകർ പുറത്തുപോയി എന്നത് തികച്ചും വാസ്തവ വിരുദ്ധമായ കാര്യമാണ്.
മീനച്ചിൽ മണ്ഡലത്തിൽ നിന്നും ഇവരോടൊപ്പം ആരും പാർട്ടി വിട്ടു പോയിട്ടില്ല. ചെയർമാൻ ജോസ് കെ മാണി എംപിയുടെ കീഴിൽ മീനച്ചിൽ മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരും ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും ബിനോയ് നരിതൂക്കിൽ അറിയിച്ചു.