കോട്ടയം: യൂത്ത് കോണ്‍ഗ്രസിനെതിരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. ദാനം കൊടുത്തില്ലെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരെ പട്ടിയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് കെ സി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

‘യൂത്ത് കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചും എസ് എഫ് ഐയെ പുകഴ്ത്തിയും ശ്രീ പി ജെ കുര്യന്‍ നടത്തിയ പരാമര്‍ശനം യാഥാര്‍ഥ്യ ബോധമില്ലാത്തതും വസ്തുതാവിരുദ്ധവും ആണെന്ന് പറയാതെ നിവൃത്തിയില്ല. കഴിഞ്ഞ ഒന്‍പതു കൊല്ലമായി നിരന്തരമായ സമരമുഖത്താണ് കെ എസ് യുവും യൂത്ത് കോണ്ഗ്രസും. ശ്രീ പി ജെ കുര്യന്‍ പറഞ്ഞതുപോലെ പോലീസ് സംരക്ഷണയില്‍ എസ് എഫ് ഐ നടത്തിയ അഗ്രസ്സീവ്’ യൂണിവേഴ്‌സിറ്റി മാര്‍ച്ചു പോലെ പോലീസ് സംരക്ഷണയിലല്ല, പോലീസിന്റെ ക്രൂരമായ മര്‍ദ്ദനം ഏറ്റു വാങ്ങിയാണ് യൂത്ത് കോണ്‍ഗ്രസ്സും കെ എസ് യുവും സമരം ചെയ്തിട്ടുള്ളത്. എത്രയോ ദിവസങ്ങള്‍ യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു നേതാക്കള്‍ പോലീസിന്റെ അതിക്രൂരമായ മര്‍ദ്ദനം മൂലം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. എത്രയോ ദിവസം ജയില്‍വാസം അനുഷ്ഠിച്ചു. പിണറായിയുടെ നവകേരള യാത്ര തുടങ്ങിയ കാസര്‍കോട്ട് മുതല്‍ തിരുവനന്തപുരം വരെ പ്രതിഷേധിച്ചതും ചെടിച്ചട്ടികൊണ്ടും ലാത്തികൊണ്ടും മര്‍ദ്ദനം ഏറ്റുവാങ്ങിയതും യൂത്ത് കോണ്‍ഗ്രസ്സായിരുന്നില്ലേ ? ഡി വൈ എഫ് ഐ യുടെയും എസ് എഫ് ഐയുടെ സംഘടനശക്തിയെ പുകഴ്ത്തുന്നവര്‍ എന്ത് കൊണ്ട് ഇതൊന്നും കാണുന്നില്ല ?
കോണ്‍ഗ്രസ്സിന്റെ ഏതു സമരവും ‘അഗ്രസ്സീവ്’ ആകാന്‍ യൂത്ത് കോണ്‍ഗ്രസ്സുകാരും കെ എസ് യൂക്കാരും വേണം എന്നതല്ലേ സത്യം ? ദാനം കൊടുത്തില്ലെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരെ പട്ടിയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിക്കരുതെന്നാണ് ഒരു മുന്‍കാല യൂത്ത് കോണ്‍ഗ്രസ്സുകാരനെന്ന നിലയില്‍ എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.’, കെ സി ജോസഫ് കുറിച്ചതിങ്ങനെയാണ്.