ബെംഗളൂരു: മതപരിവര്‍ത്തനം ഒരു വ്യക്തിയുടെ അവകാശമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിന്ദു സമൂഹത്തില്‍ തുല്യതയുണ്ടെങ്കില്‍ എന്തിനാണ് മതം മാറുന്നതെന്ന് സിദ്ധരാമയ്യ ചോദിച്ചു.

‘സമത്വം ഉണ്ടായിരുന്നെങ്കില്‍ തൊട്ടുകൂടായ്മ എങ്ങനെയുണ്ടായി? നമ്മളാണോ തൊട്ടുകൂടായ്മ ഉണ്ടാക്കിയത്? ഇസ്‌ലാമിലും ക്രിസ്ത്യാനിറ്റിയിലും മറ്റേത് മതത്തിലും അസമത്വങ്ങളുണ്ടാകും. ഞങ്ങളോ ബിജെപിയോ ആരോടും മതം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ആളുകള്‍ മതം മാറുന്നുണ്ട്. അത് അവരുടെ അവകാശമാണ്’: സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യയുടെ പരാമര്‍ശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.
സിദ്ധരാമയ്യയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ആര്‍ അശോക രംഗത്തെത്തി. സമത്വത്തിന്റെ കാര്യം വരുമ്പോള്‍ എന്തിനാണ് സിദ്ധരാമയ്യ എപ്പോഴും ഹിന്ദു മതത്തെ ലക്ഷ്യമിടുന്നതെന്ന് ആര്‍ അശോക ചോദിച്ചു.

മുസ്‌ലീം സമുദായത്തെ സമത്വത്തെക്കുറിച്ച് ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.